കൊച്ചി: ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന യുവതി ബന്ധുക്കൾക്കൊപ്പം പോയെങ്കിലും പഴയ പങ്കാളിക്കൊപ്പം ജീവിക്കാൻ മടങ്ങിയെത്തി. മാതാപിതാക്കൾക്കൊപ്പം പോയ അഫീഫ എന്ന യുവതി പൊലീസിന്‍റെയും സ്ത്രീ സംരക്ഷണ സെല്ലിന്‍റെയും സഹായത്തോടെ വീണ്ടും പങ്കാളി സുമയ്യക്കൊപ്പം താമസമാക്കുകയായിരുന്നു. അഫീഫയെ വീണ്ടും വീട്ടുകാർ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നുകാട്ടി സുമയ്യ ഹൈകോടതിയെയും സമീപിച്ചു.
സർക്കാറിന്‍റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി. ലിവ് ഇൻ റിലേഷനിൽ കഴിയുന്ന ഇവർക്ക് മതിയായ പൊലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു.
മലപ്പുറം സ്വദേശികളായ അഫീഫയും സുമയ്യയും പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സൗഹൃദത്തിലായത്. ഇരുവരും പ്രായപൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ ജനുവരി 27ന് ഒളിച്ചോടിയ ഇവരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത് മലപ്പുറം ജുഡീ. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന്, കോടതി ഇവരെ ഒരുമിച്ചു ജീവിക്കാൻ അനുവദിച്ച് ഉത്തരവിട്ടു. പിന്നീട് എറണാകുളത്തേക്ക് താമസം മാറ്റി.
ഇതിനിടെ, മേയ് 30ന് അഫീഫയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നുകാട്ടി സുമയ്യ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകി. ഹൈകോടതിയുടെ നിർദേശപ്രകാരം ഡിവിഷൻ ബെഞ്ച് മുമ്പാകെ ഹാജരാക്കിയപ്പോൾ തനിക്ക് മാതാപിതാക്കളുടെ ഒപ്പം പോയാൽ മതിയെന്ന് അഫീഫ അറിയിച്ചു. തുടർന്ന്, അഫീഫയെ മാതാപിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ച് ഹരജി തീർപ്പാക്കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.