തിരുവനന്തപുരം: അഫ്ഗാനിസ്താനിൽ കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന നോർക്ക വകുപ്പ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു. സ്ത്രീയും കുട്ടിയുമുൾപ്പെടെ 41 മലയാളികൾ അവിടെ അകപ്പെട്ടതായി നോർക്ക സെക്രട്ടറി ഡോ. കെ. ഇളേങ്കാവൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യക്ക് അയച്ച കത്തിൽ പറയുന്നു.
ഒേട്ടറെ പേർ ആശങ്കയോടെ നോർക്ക വകുപ്പിനെ ഫോണിൽ വിളിക്കുന്നു. അഫ്ഗാനിലെ വിവിധ കമ്പനികളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരാണിവർ. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ളവ താലിബാൻ സംഘം പരിശോധിക്കുന്നതായും പ്രധാന രേഖകൾ എടുത്തുകൊണ്ടുപോയതായും വിവരം ലഭിച്ചിട്ടുണ്ട്. തലശ്ശേരി സ്വദേശിയായ ദീദിൽ രാജീവൻ അഫ്ഗാനിൽനിന്ന് നോർക്കയുമായി ബന്ധപ്പെട്ടതായും കത്തിൽ പറയുന്നു. ഇദ്ദേഹത്തിെൻറ ഫോൺ നമ്പർ സഹിതമാണ് കേന്ദ്രസർക്കാറിന് നോർക്ക കത്ത് നൽകിയത്. കുടുങ്ങിക്കിടക്കുന്ന മലയാളികളെ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കാബൂളിൽനിന്ന് സഹായം തേടി നോർക്കയിലേക്ക് ആദ്യം വിളിച്ചത് തലശ്ശേരി സ്വദേശിയാണെന്ന് നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. നിലവിൽ മലയാളികൾ സുരക്ഷിതരാണെന്നും സി.ഇ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.