കൊല്ലം: ഗസ്സ കഴിഞ്ഞാൽ ഹമാസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഹമാസും പിണറായിയും ചങ്ങാതിമാരാണ്. ഹമാസിന് ഇത്രയും പിന്തുണ നൽകുന്ന സർക്കാർ ലോകത്ത് വേറെയുണ്ടാകില്ല.
ഹമാസ്, ഐ.എസ്, പി.എഫ്.ഐ പോലുള്ള സംഘടനകൾക്കെതിരെ പറയുകയോ സമൂഹമാധ്യമത്തിൽ പോസ്റ്റിടുകയോ ചെയ്താൽ പൊലീസ് വീട്ടിലെത്തും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് ഇതിന്‍റെ ഭാഗമാണ്. എന്നാൽ, തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾ കേരളത്തിൽ നിയമവിധേയമായിരിക്കുന്നു. കള്ളക്കേസുകളെ നിയമപരമായും രാഷ്ട്രീയമായും ബി.ജെ.പി നേരിടും.
മലപ്പുറത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ ഹമാസ് നേതാവ് ഓൺലൈനായി പങ്കെടുത്ത സംഭവത്തിൽ ജമാഅത്തെ ഇസ്ലാമിക്കും സോളിഡാരിറ്റിക്കും എതിരെ കേസെടുക്കാൻ പിണറായി തയാറുണ്ടോ. തയാറല്ലെങ്കിൽ അതിനെക്കുറിച്ച് പൊതുസമൂഹത്തിൽ വിശദീകരിക്കാൻ മുഖ്യമന്ത്രി തയാറാകണം. സംസ്ഥാന സർക്കാർ സമീപനത്തിനെതിരെ സ്വീകരിക്കേണ്ട തുടർനടപടികൾ നവംബർ നാലിന് ചേർത്തലയിൽ നടക്കുന്ന എൻ.ഡി.എ ശിൽപശാല ചർച്ച ചെയ്യും. നവംബർ 10 മുതൽ 30 വരെ ‘ജനപഞ്ചായത്ത്’ എന്ന പേരിൽ സംസ്ഥാനത്ത് 2000 പൊതുസമ്മേളനങ്ങളും പ്രകടനവും നടത്താനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.