'എന്‍റെ മരണശേഷം കഴിയും വേഗം ശരീരം മെഡിക്കൽ കോളജിന് കൊടുക്കണം; പുഷ്പചക്രമോ, പൊതുദർശനമോ വേണ്ട'

കോഴിക്കോട്: അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്‍റുമായ ഡോ. എ. അച്യുതൻ (89), മരണശേഷം തന്‍റെ ശരീരം എന്തുചെയ്യണമെന്ന് വ്യക്തമാക്കി മുൻകൂട്ടി കുറിപ്പ് തയാറാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ കുറിപ്പ് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

2018 ഡിസംബർ 19നാണ് ഡോ. എ. അച്യുതൻ ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്. അടുത്ത ബന്ധുമിത്രാദികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറയുന്ന ആറ് കാര്യങ്ങൾ ഇവയാണ്.

1. എന്‍റെ മരണശേഷം കഴിയുംവേഗം ശരീരം കോഴിക്കോട് മെഡിക്കൽ കോളജിൽ കൊടുക്കണം. നിലത്തിറക്കൽ, വിളക്കുവെക്കൽ, കുളിപ്പിക്കൽ എന്നിവ ചെയ്യരുത്. എന്‍റെ മകൻ അരുൺ കാനഡയിൽ നിന്ന് എത്താൻ കാക്കരുത്.

2. വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ട്രാഫിക് ജാം ഒഴിവാക്കാനും അടുപ്പമുള്ള ചിലർ ഒഴികെ ആരും വീട്ടിൽ വരേണ്ടതില്ല.

3. ആശുപത്രിയിൽ വെച്ചാണ് മരണമെങ്കിൽ ശരീരം വീട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല.

4. ശരീരദാനത്തിനുള്ള കടലാസുകൾ എന്‍റെ മകൾ മഞ്ജുഷയുടെ കൈയിലുണ്ട്.

5. ശരീരത്തിൽ പുഷ്പചക്രം വെക്കുകയോ ആദരാഞ്ജലികൾ അർപ്പിക്കാനെന്ന പേരിൽ പ്രദർശിപ്പിക്കുകയോ ചെയ്യരുത്.

6. എന്‍റെ ബയോഡാറ്റ അടുത്ത സുഹൃത്തുക്കൾക്ക് കൊടുത്തിട്ടുണ്ട്. എന്‍റെ മകളുടെ കൈയിൽ ഒരു കോപ്പിയുണ്ട്.

എന്ന്
എ. അച്യുതൻ
10 ഡിസംബർ 2018



തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു ഡോ. എ. അച്യുതന്‍റെ മരണം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിന് വിട്ടുനൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

വിടപറഞ്ഞത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ കുലഗുരു

കോഴിക്കോട്: ഡോ. എ. അച്യുതന്റെ വേർപാടിൽ കേരളത്തിന് നഷ്ടമായത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ ഗുരുവിനെ. സൈലന്റ് വാലി പ്രക്ഷോഭം മുതൽ പരിസ്ഥിതി സമരങ്ങളിൽ പിന്നിലും മുന്നിലും നിശബ്ദം സഞ്ചരിച്ച പരിസ്ഥിതി രംഗത്തെ വിദഗ്ധനാണ് അച്യുതൻ. പരിസ്ഥിതി ശാസ്ത്രശാഖക്ക് അദ്ദേഹം വലിയ സംഭാവന നൽകി. സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിച്ചു. ലളിതമായ മലയാളത്തിൽ ശാസ്ത്രവിഷയങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകാലം അദ്ദേഹത്തിന്റെ കൈയൊപ്പില്ലാത്ത പരിസ്ഥിതി സമരങ്ങൾ കേരളത്തിൽ നടന്നില്ല.

വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ഐ.ഐ.ടി യില്‍ നിന്ന് ഡോക്ടറേറ്റും നേടി. പൊതുമരാമത്ത് വകുപ്പിലും തൃശൂര്‍, തിരുവനന്തപുരം എഞ്ചിനീയറിങ് കോളജുകളിലും കോഴിക്കോട് റീജിയനല്‍ എഞ്ചിനിയറിങ് കോളജിലും അധ്യാപകനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡീന്‍, അക്കാദമിക് സ്റ്റാഫ്, കോളജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

മലയാളത്തിൽ അവതരിപ്പിച്ച ജനകീയ ശാസ്ത്ര ഗ്രന്ഥങ്ങൾ, വിവിധ കോളജുകളിലും സ്‌കൂളുകളിലും സാധാരണക്കാർക്കായി നടന്ന ക്ലാസുകൾ, പ്രധാനമായും അക്കാദമിക സ്വഭാവമുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശാസ്ത്രത്തിന്റെയും ശാസ്ത്രബോധത്തിന്റെയും വ്യാപനത്തിന് പ്രധാന പങ്ക് വഹിച്ചു. ശാസ്ത്രഗതി മാസിക പ്രസിദ്ധീകരിക്കുമ്പോൾ പത്രാധിപസമിതിയിൽ എൻ.വി കൃഷ്ണവാര്യർ അടക്കം എട്ടുപേരാണ് ഉണ്ടായിരുന്നത്. അതിൽ പ്രധാനി അച്യുതനായിരുന്നു.

ശാസ്ത്ര പുസ്തകങ്ങളുടെ വിവർത്തനവും ശാസ്ത്ര മാസികയായ ശാസ്ത്രഗതിയുടെ പ്രസിദ്ധീകരണവും, ആദ്യം പി.ടി ഭാസ്‌കര പണിക്കരും പിന്നീട് ഡോ. അച്യുതനും എഡിറ്റ് ചെയ്തതായിരുന്നു പ്രധാന പ്രവർത്തനങ്ങളിലൊന്ന്. അക്കാലത്ത്, പ്രകൃതി, സമൂഹം, ശാസ്ത്രം എന്ന വിഷയത്തിൽ അവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരം ക്ലാസുകൾ നടത്തി. ഇതെല്ലാം സമൂഹത്തിന് ചെയ്യുന്ന സേവനമെന്നാണ് അദ്ദേഹം പറഞ്ഞത്.

സൈലന്റ് വാലി പ്രക്ഷോഭകാലത്താണ് പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ കേരളത്തിൽ ശക്തിപ്പെടുന്നത്. മുഖ്യധാര പ്രസ്ഥാനങ്ങളെല്ലാം സൈലന്റ് വാലിയെ അനുകൂലിച്ചപ്പോൾ പ്രഫ. എം.കെ പ്രസാദ് മുന്നിലും അച്യുതൻ പിന്നിലും നിന്നാണ് എതിർപ്പുകളെ ശക്തമായി നേരിട്ടത്. എൻ.വി കൃഷ്ണവാര്യരായിരുന്നു എഴുത്തുകാരെയും കവികളെയുമെല്ലാം രംഗത്തിറക്കിയത്.

സൈലന്റ് വാലി പ്രക്ഷോഭകാലത്ത് പ്രഫ.എം.കെ. പ്രസാദിനൊപ്പം പാറപോലെ ഉറച്ചുനിന്നത് അച്യുതനാണെന്ന് സഹയാത്രികനായ ജൈവവൈവിധ്യബോർഡ് മുൻ ചെയർമാൻ ഡോ.വി.എസ് വിജയൻ അഭിപ്രായപ്പെട്ടു. സൈലന്റ് വാലിക്ക് സമാനമൊയൊരു വനപ്രദേശം രാജ്യത്ത് മറ്റൊരിടത്തുമില്ലെന്നും അതിനാൽ അത് എന്തുവില നൽകിയും സംരക്ഷിക്കണമെന്ന് അച്യുതൻ വാദിച്ചു. അത് കേരളം മുഴുവൻ കേട്ടു. അറിയാവുന്ന കാര്യങ്ങൾ മാത്രമേ അദ്ദേഹം ജനങ്ങളോട് പറഞ്ഞുള്ളു. വളരെ ആത്മാർഥതയോടെയാണ് പരിസ്ഥിതി രംഗത്ത് ഇടപെടൽ നടത്തിയതെന്നും വിജയൻ അനുസ്മരിച്ചു.

തൃശൂർ എഞ്ചിനീയറിങ് കോളജിൽവെച്ചാണ് 1970കളിൽ അദ്ദേഹത്തെ കണ്ടതെന്ന് സി.ആർ.നീലകണ്ഠൻ അനുസ്മരിച്ചു. പരിസ്ഥിതി പ്രശ്നങ്ങളിൽ കൃത്യമായി വിഷയം അവതരിപ്പിക്കുമെന്നായിരുന്ന അദ്ദേഹത്തിന്റെ പ്രത്യേകത. ചാലിയാർ മലിനീകരണത്തിനെതിരെ നടന്ന സമരത്തിൽ വിദഗ്ധ സമിതിയിൽ അംഗമായി റിപ്പോർട്ട് സമർപ്പിച്ചു. അതിൽ സർക്കാർ നടത്തിയ പഠനത്തെ എതിർക്കുകയും ചെയ്തു. പ്ലാച്ചിമട വിദഗ്ധസമിതിയിലും അദ്ദേഹം അംഗമായി. കൊക്കക്കോള കമ്പനി നടത്തുന്ന മലനീകരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.

എൻഡോ സൾഫാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ട് നൽകിയത്. കെ-റെയിൽ കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുമെന്ന് ശക്തമായിതന്നെ അദ്ദേഹം വാദിച്ചു. പരിസ്ഥിതി പ്രവർത്തനരംഗത്ത് അച്യുതന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും സി.ആർ. അനുസ്മരിച്ചു.

പരിസ്ഥിതി സമരങ്ങളിൽ മാത്രമല്ല കുത്തകവിരുദ്ധ സമരത്തിലും ജാതിവിരുദ്ധ സമരത്തിലും അദ്ദേഹം പങ്കുചേർന്നുവെന്ന് ജോൺ പെരുവന്താനം അഭിപ്രായപ്പെട്ടു. സൈലന്റ് വാലി സമരകാലത്ത് പലിയിടത്തും സെമിനാറുകളിൽ പങ്കെടുത്തു. പരിഷത്തിന്റെ ആരോഗ്യ- വിദ്യാഭ്യാസരംഗത്തെ കുത്തകവൽക്കരണത്തിനെതിരായ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചുവെന്ന് പെരുവന്താനം പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയുടെ 2014-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ച പരിസ്ഥിതിപഠനത്തിന് ഒരാമുഖം ഉള്‍പ്പെടെ പത്ത് പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും അദ്ദേഹത്തിന്‍റെ പരിസ്ഥിതി നിലപാട് വ്യക്തമാക്കുന്നവയാണ്. 

Tags:    
News Summary - After my death, the body should be given to the medical college as soon as possible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.