‘പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ല; ഒറ്റ തന്തക്ക് പിറന്നതാണെകിൽ സി.ബി.ഐക്ക് വിടൂ’; വെല്ലുവിളിച്ച് സുരേഷ് ഗോപി

തൃശൂർ: പൂരം കലക്കലിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലൻസിലല്ല പോയത്, ബി.ജെ.പി ജില്ല അധ്യക്ഷന്‍റെ വാഹനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിൽ ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചത‍ിൽ ഗൂഢാലോചനയുണ്ടെന്ന് അന്നുതന്നെ എൽ.ഡി.എഫും യു.ഡി.എഫും ആരോപണം ഉന്നയിച്ചതാണ്. സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് അന്ന് പ്രചരിച്ചത്.

‘ഞാൻ അവിടെ ചെന്നത് നൂറു കണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. പാർട്ടി ജില്ല അധ്യക്ഷന്‍റെ വാഹനത്തിലാണ് അവിടെ പോയത്. ആംബുലൻസിൽ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാർഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കിൽ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കിൽ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താൻ തയാറുണ്ടോ? കേരളത്തിലെ മുൻ മന്ത്രിമാരടക്കം, ഇപ്പോഴത്തെ മന്ത്രിമാരടക്കം ചോദ്യം ചെയ്യപ്പെടാൻ യോഗ്യരായി തീരുമെന്ന ഭയം അവർക്കുണ്ട്. ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐക്ക് വിടൂ’ -സുരേഷ് ഗോപി പറഞ്ഞു.

ചേലക്കരയിലൂടെ കേരളം എടുക്കും. പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. മൂന്നാം മോദി സർക്കാർ വന്ന ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പൂരം നിലക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.

Tags:    
News Summary - Did not go to the ambulance to Pooram -Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.