എയർ കണ്ടിഷനറിന് സർവീസ് നിഷേധിച്ച കമ്പനി 75,000 രൂപ നഷ്ടപരിഹാരം നൽകണം- ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ

കൊച്ചി: എയർ കണ്ടിഷനറിന് സർവീസ് നിഷേധിച്ച കമ്പനി 75,000 രൂപ നഷ്ടപരിഹാരം നൽകണം- ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. മൂന്നു വയസുള്ള മകളുടെ രോഗാവസ്ഥയെ ഉഷ്ണകാലത്ത് അതിജീവിക്കാനായി എ.സി വാങ്ങിയ പിതാവിനു വിൽപ്പനാനന്തര സേവനം നിഷേധിച്ച കമ്പനിയും വ്യാപാര സ്ഥാപനവും എസിയുടെ വിലയായ 34,500 രൂപ, 30,000 രൂപ നഷ്ടപരിഹാരം, 10,000 രൂപ കോടതി ചെലവ് ഉൾപ്പെടെ 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയുടെ സ്ഥാപനങ്ങൾക്കെതിരെയാണ് പരാതി സമർപ്പിച്ചത്. നേവൽ ബേസ് ജീവനക്കാരനായ പരാതിക്കാരൻ ഒന്നര ടണ്ണിൻറെ ഇൻവർട്ടർ എ സി 34,500 രൂപക്ക് ഡീലറിൽ നിന്നും വാങ്ങി. മൂന്ന് വയസുള്ള മകൾക്ക് ത്വഗ്രോഗം ഉള്ളതിനാൽ തണുപ്പ് നിലനിർത്തുന്നതിനും ഉഷ്ണ കാലത്തെ അതിജീവിക്കുന്നതിനുവേണ്ടിയാണ് എ.സി വാങ്ങിയത്.

നാല് ദിവസം കഴിഞ്ഞപ്പോഴേക്കും അത് പ്രവർത്തനരഹിതമായി. എ.സിയുടെ ഇലക്ട്രിക് പാനൽ ബോർഡ് തകരാറിലായി. എന്നാൽ അത് വിപണിയിൽ ലഭ്യമല്ലാത്തതിനാൽ റിപ്പയർ ചെയ്യാൻ കഴിഞ്ഞില്ല. മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മകളുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് സഹോദരന്റെ വീട്ടിലേക്ക് താമസവും മാറ്റേണ്ടി വന്നു. പരാതിയുമായി നിരവധി തവണ എതിർകക്ഷിയെ സമീപിച്ചിട്ടും യാതൊരു തുടർന്ന് നടപടികളും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് എസിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചത്.

പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം പുതിയ എ.സി നൽകുന്നതിന് കമ്പനിയുടെ മുൻകൂർ അനുവാദം വേണമെന്ന് എതിർകക്ഷി ബോധിപ്പിച്ചു. അനുവാദം ലഭിച്ചപ്പോഴേക്കും പണം തിരിച്ചും നൽകണമെന്ന ആവശ്യമായി പരാതിക്കാരൻ മുന്നോട്ട് വന്നു. എ.സിക്ക് നിർമ്മാണപരമായ ന്യൂനതയില്ല. തകരാറിലായ ഭാഗം മാറ്റി നൽകാൻ തയ്യാറാണെന്നും എതിർകക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

"മൂന്നു വയസുള്ള മകളുടെ രോഗാവസ്ഥയെ അതിജീവിക്കാനാണ് ഉഷ്ണകാലത്ത് എ.സി വാങ്ങിയത്. വാങ്ങിയ ഉടൻതന്നെ എസി തകരാറിലാവുകയും ചെയ്തു. ഫലപ്രദമായ വില്പനാനന്തര സേവനം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. അത് നൽകുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടുവെന്ന് കമീഷൻ ഉത്തരവിൽ വിലയിരുത്തി. പാനൽ ബോർഡ് വിപണിയിൽ ലഭ്യമല്ല എന്നത് ഉപകരണം റിപ്പയർ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനം കൂടിയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.ൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

ഈ സാഹചര്യത്തിൽ എ.സി യുടെ വിലയായ 34,500 രൂപയും 30,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്ന് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വ. ജിജി നിഖിൽ ഹാജരായി.

Tags:    
News Summary - The company that denied service to the air conditioner should pay Rs 75,000 as compensation- Consumer Disputes Redressal Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.