തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായലിലെ ഭൂമി കൈയേറ്റ വിഷയത്തില്‍ സര്‍ക്കാറിന് അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം ലഭിച്ചു. വ്യക്തമായ നിർദേശങ്ങളില്ലാതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് സൂചന. മാർത്താണ്ഡം കായലിലും ലേക്ക് പാലസ് റിസോർട്ടിലും നിയമവിരുദ്ധമായി കൈയേറ്റം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ കലക്ടർ അനുപമ നൽകിയ റിപ്പോര്ട്ടിന്മേലാണ് നിയമോപദേശം. ഇക്കാര്യത്തിൽ കോടതി ഉത്തരവ് കൂടി പരിഗണിക്കണമെന്ന് നിയമോപദേശത്തിലുണ്ട്.
എന്നാൽ, ചില നിയമപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. കലക്ടറുടെ റിപ്പോർട്ടിൽ ഗുരുതര നിയമലംഘനങ്ങളാണ് ചൂണ്ടിക്കാണിച്ചതെങ്കിലും ഇക്കാര്യത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കണമെന്ന് എ.ജിയുടെ നിയമോപദേശത്തിലില്ല. ചില വിഷയങ്ങളിൽ കേസെടുക്കാവുന്ന സാഹചര്യമുെണ്ടന്നും വ്യക്തമാക്കി. ആശയക്കുഴപ്പമുള്ളതിനാലാണ് എൽ.ഡി.എഫ് യോഗം വിളിക്കാൻ തീരുമാനിച്ചത്.
മന്ത്രി ഇ. ചന്ദ്രശേഖരൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചപ്പോൾ മന്ത്രിയുടെ അഭിപ്രായം രേഖപ്പെടുത്തിയ കത്ത് കൂടി നൽകിയിരുന്നു. റിപ്പോർട്ടിന്മേൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചപ്പോൾ കലക്ടറുടെ റിപ്പോർട്ട് തള്ളിക്കളയാനാവില്ലെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. 1957ലെ ഭൂസംരക്ഷണ നിയമവും 1958 ലെ ചട്ടവും 2008 ലെ നെൽവയൽ തണ്ണീർത്തട നിയമവും ലംഘിെച്ചന്ന് വ്യക്തമായ തെളിവോടെയാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. നിയമലംഘനം നടത്തുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്കും കലക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
വലിയകുളം -സീറോ ജെട്ടി റോഡ് നിർമാണത്തിലും കരുവേലി പാടശേഖരത്തിെൻറ പുറംബണ്ട് ബലപ്പെടുത്തി ലേക്ക് പാലസ് പാർക്കിങ് ഗ്രൗണ്ടായി ഉപയോഗിച്ചതിലും തണ്ണീർത്തട നിയമം ലംഘിച്ചു. സംസ്ഥാന തണ്ണീർത്തട നിരീക്ഷണ സമിതിയുടെ അനുവാദം വാങ്ങിയിട്ടല്ല റോഡിനായി നികത്തിയത്. സർക്കാർ പുറമ്പോക്ക് കൈയേറിയത് ഭൂസംരക്ഷണ നിയമം 2009ലെ ഭേദഗതി പ്രകാരം അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.