കോഴിക്കോട്: അഞ്ചു വർഷം മുമ്പ് രോഗികളിലെ വിചിത്ര രോഗലക്ഷണങ്ങൾ കണ്ട് ജാഗ്രത പാലിച്ച് സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. എ.എസ്. അനൂപ് കുമാറിന്റെ ജാഗ്രത ഇത്തവണയും സംസ്ഥാനത്തിന് തുണയായി. ഒമ്പത്, 10 തീയതികളിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളും ഉൾപ്പെടെ നാലു പേർ അസാധാരണ രോഗലക്ഷണങ്ങളുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതോടെയാണ് അനൂപ് കുമാറും സംഘവും ജാഗരൂകരായത്. കുട്ടികളെ പീഡിയാട്രിക് വിഭാഗത്തിലും മുതിർന്നവരെ പൾമണോളജി വിഭാഗത്തിലും പ്രവേശിപ്പിച്ചു.
കുടുംബത്തിൽനിന്ന് വിശദമായി കാര്യങ്ങൾ തിരക്കിയപ്പോൾ ഒമ്പതും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവ് ആഗസ്റ്റ് 30ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ മരിച്ചതായി കണ്ടെത്തി. അവിടെ ബന്ധപ്പെട്ടപ്പോൾ ന്യുമോണിയ ബാധിച്ച രോഗിയെ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതിവേഗം വഷളാവുകയും മരിക്കുകയും ചെയ്തുവെന്നും കോവിഡും ഇൻഫ്ലുവൻസയും നെഗറ്റിവ് ആണെന്നുമായിരുന്നു വിവരം. പിന്നീട് മരിച്ചയാളുടെ ഭാര്യയുമായി സംസാരിച്ചു. സംസാരശേഷി കുറയുക, സംസാരത്തിൽ അവ്യക്തത, ഡിപ്ലോപ്പിയ (രണ്ട് ചിത്രങ്ങൾ കാണുന്നത്) തുടങ്ങിയ നാഡീസംബന്ധമായ ലക്ഷണങ്ങളുള്ളതായി കണ്ടെത്തി. കൂടാതെ, ശ്വാസതടസ്സം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച, ഒമ്പത് വയസ്സുള്ള മകനും താമസിയാതെ അപസ്മാരം ഉണ്ടായി. ന്യുമോണിയയുമായി ബന്ധപ്പെട്ട ലക്ഷണമല്ല ഇതെന്നതും സംശയം ബലപ്പെടുത്തി. 2018ൽ നിപ റിപ്പോർട്ട് ചെയ്ത സൂപ്പിക്കടയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പ്രദേശത്തുള്ളവരാണ് രോഗികൾ എന്നതും സംശയം വർധിപ്പിച്ചതായും ഡോ. അനൂപ് പറഞ്ഞു.
തിങ്കളാഴ്ച ആയഞ്ചേരി പഞ്ചായത്തിൽനിന്നുള്ള 40 വയസ്സുള്ള മറ്റൊരു രോഗിയെ അതേസമയം തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തിയതിനാൽ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരിച്ചു. സാധാരണ ന്യുമോണിയ കേസുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഈ രോഗിയുടെയും ലക്ഷണങ്ങൾ. അവരുമായി സംസാരിച്ചപ്പോൾ, ആദ്യത്തെ രോഗി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന സമയം പിതാവിന്റെ ചികിത്സയ്ക്കായി ആയഞ്ചേരി സ്വദേശിയും അവിടെ എത്തിയതായി അറിഞ്ഞു.
ആശുപത്രിയിലെ രേഖകൾ പരിശോധിച്ചപ്പോൾ ആഗസ്റ്റ് 28 രാത്രിയും ആഗസ്റ്റ് 29ന് രാവിലെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഒന്നും രണ്ടും രോഗികൾ ഒരുമിച്ചാണെന്ന് കണ്ടെത്തി. അതിനാൽ, അദ്ദേഹത്തിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. ആദ്യ നിപ ബാധ തിരിച്ചറിഞ്ഞതും രോഗികളുടെ രോഗലക്ഷണങ്ങളും പുരോഗതിയും കണ്ടതിലുള്ള അനുഭവവുമാണ് ഇത്തവണയും രോഗത്തെക്കുറിച്ച് സംശയം തോന്നാൻ സഹായിച്ചതെന്ന് ഡോ. അനൂപ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.