തിരുവനന്തപുരം: പ്രീമിയം തുക വർധിപ്പിച്ചതിന് പിന്നാലെ ക്ലെയിമുകളിൽ അനാവശ്യ കാരണങ്ങൾ നിരത്തി തുക വെട്ടിക്കുറച്ച് ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ രോഗികളെ വട്ടംകറക്കുന്നു. ഭാരിച്ച ചികിത്സ ചെലവുകളിൽനിന്നുള്ള ആശ്വാസമായിരുന്നു ഇൻഷുറൻസ് പരിരക്ഷയെങ്കിൽ, ഇപ്പോൾ രോഗഭീതിയോടൊപ്പം ക്ലെയിം പാസാകുമോ എന്നതും ആശുപത്രിയിലെത്തുന്നവരുടെ വലിയ ആശങ്കയാണ്.
കോവിഡ് കാലത്തിന് ശേഷമാണ് ക്ലെയിമുകളിൽ കമ്പനികളുടെ കടുംവെട്ട്. ക്ലെയിം കൂടിയതാണ് കാരണമായി പറയുന്നത്. ബിൽ തുകയിൽ 20 മുതൽ 40 ശതമാനം വരെ വെട്ടിക്കുറക്കുന്ന കമ്പനികളുണ്ട്. പ്രീമിയം തുകയിൽ എട്ടുമുതൽ 15 ശതമാനം വരെ വർധന വരുത്തിയ ശേഷമാണ് ഈ കടുംവെട്ട്. 40 വയസ്സിന് മുകളിൽ അംഗമുള്ള നാലംഗ കുടുംബത്തിന്റെ കുറഞ്ഞ പ്രീമിയം തുക 10,000 രൂപക്ക് മുകളിലാണിപ്പോൾ.
പോളിസി എടുക്കുമ്പോൾ മോഹനവാഗ്ദാനങ്ങളാണെങ്കിലും ക്ലെയിം ഘട്ടത്തിൽ അത്ര സുഗമമല്ല കാര്യങ്ങൾ. കാഷ്ലെസ് പോളിസി ആയാലും പല കേസിലും പണം അടയ്ക്കേണ്ടിവരികയാണ്. പിന്നീട് തുക തിരിച്ചുനൽകുമെന്ന് പറയുമെങ്കിലും വലിയതോതിൽ വെട്ടിക്കുറക്കും. ആരോഗ്യ ഇൻഷുറൻസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകും വിധത്തിലല്ല വിശദീകരണങ്ങൾ. 50 ശതമാനം പേരും വ്യവസ്ഥകൾ കൃത്യമായി മനസ്സിലാക്കിയല്ല പോളിസി എടുക്കുക. ക്ലയിം ഘട്ടത്തിലാണ് നിബന്ധനകളിലെ ചതിക്കുഴി ബോധ്യപ്പെടുക.
ബില്ലിൽ ഇൻഷുറൻസ് കമ്പനി പരിശോധന നടത്തിയ ശേഷമാണ് ക്ലെയിം അനുവദിക്കുന്നത്. മുമ്പ് 24 മണിക്കൂറും പരിശോധന സംവിധാനം പ്രവർത്തിച്ചിരുന്നുവെങ്കിൽ പല കമ്പനികളും സമയം വെട്ടിക്കുറച്ചു. മിക്ക ആശുപത്രികളിലും വൈകുന്നേരമാണ് ഡിസ്ചാർജ് നടക്കുക. ഈ സമയം കമ്പനിയുടെ ക്ലെയിം പരിശോധന സമയം കഴിഞ്ഞിട്ടുണ്ടാകും.
ഈ ഘട്ടങ്ങളിൽ മുഴുവൻ പണവുമടച്ച് ഡിസ്ചാർജ് നേടുകയോ, അല്ലെങ്കിൽ ക്ലെയിം കിട്ടുന്നതിനായി അടുത്ത പ്രവൃത്തി സമയം വരെ വീണ്ടും ആശുപത്രിയിൽ തുടരുകയേ നിവൃത്തിയുള്ളൂ. അവധി ദിവസങ്ങളിലോ വാരാന്ത്യങ്ങളിലോ ആണ് ഡിസ്ചാർജെങ്കിൽ അടുത്ത പ്രവൃത്തി ദിവസം വരെ അധിക ബിൽ സഹിച്ച് തുടരാൻ വിധിക്കപ്പെടുകയാണ് അധികപേരും. ക്ലെയിമുകളിൽ നിന്ന് തന്ത്രപരമായി രക്ഷപ്പെടാനുള്ള നീക്കമാണ് ഈ സമയം വെട്ടിക്കുറക്കൽ.
പ്രീമിയം തുക ഉയർന്നതും ക്ലെയിം ചെയ്യുമ്പോഴുള്ള പ്രയാസങ്ങളും കാരണം രാജ്യത്ത് 40 ശതമാനത്തോളും പേർ ആരോഗ്യ ഇൻഷുറൻസുകളിൽ നിന്ന് വിട്ടുനിൽക്കുന്നതായി മുംബൈ ആസ്ഥാനമായ ഓൺലൈൻ പോർട്ടലായ പോളിസി ബസാറിന്റെ സർവേ കണ്ടെത്തി. 55 ശതമാനത്തോളം പേർ, പോളിസിക്ക് കുറഞ്ഞ പ്രീമിയം ആഗ്രഹിക്കുന്നവരാണ്. ക്ലെയിം ചെയ്യുമ്പോൾ മോശം അനുഭവമുണ്ടായതായി പരാതിപ്പെടുന്നവർ 21 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.