തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഏതാനും മണ്ഡലങ്ങളിൽ ബി.ജെ.പി-സി.പി.എം ധാരണയുണ്ടാവാമെന്ന പ്രമുഖ ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിെൻറ ആരോപണം ഉയർത്തിയ കൊടുങ്കാറ്റിൽ ഉലഞ്ഞ് സി.പി.എം. അതേസമയം, പഴയ കാലത്തെ 'കോലീബി' സഖ്യം പറഞ്ഞ് കോൺഗ്രസിനെ നിരായുധരാക്കാൻ ഇടതുപക്ഷവും ഒപ്പം ചില ബി.ജെ.പി നേതാക്കളും ശ്രമം തുടങ്ങി.
ഇടതുപക്ഷത്തിന് ജയിക്കാൻ ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്നും നിയമസഭയിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുടങ്ങാൻ സഹായിച്ചത് കോൺഗ്രസ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച മഞ്ചേരിയിൽ പറഞ്ഞു. അതേസമയം, ബാലശങ്കറിനെ പോലുള്ള ഒരാൾ തെളിവില്ലാതെ വെറുതെ ആരോപണം ഉന്നയിക്കില്ലെന്നും വിഷയത്തിൽ കേന്ദ്ര നേതൃത്വം അന്വേഷിക്കണെമന്നും മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദൻ പറഞ്ഞു. കോൺഗ്രസ് -ലീഗ്-ബി.ജെ.പി സഖ്യമെന്ന 'കോലീബി' സഖ്യം ഉണ്ടായിരുന്നില്ലെന്നും മുകുന്ദൻ പ്രതികരിച്ചു. എന്നാൽ, സംസ്ഥാനത്ത് കോലീബി സഖ്യമുണ്ടായിരുന്നുെവന്നും കഴിഞ്ഞ തവണ നേമത്ത് തനിക്ക് കോൺഗ്രസ് വോട്ടുകൾ കിട്ടിയിരുന്നുവെന്നും ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു.
അതേസമയം, കോലീബി സഖ്യ ചർച്ച നടന്നെങ്കിലും സഖ്യത്തിലേക്കെത്തിയില്ലെന്നാണ് മറ്റൊരു നേതാവ് കെ. രാമൻ പിള്ള അഭിപ്രായപ്പെട്ടത്. ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ ആ കാലഘട്ടത്തിൽ സി.പി.എമ്മുമായി പരസ്യ സഖ്യമുണ്ടാക്കിയിട്ടുെണ്ടന്നും രാമൻ പിള്ള പറഞ്ഞു. ഇതേ കാര്യം തന്നെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശും ആവർത്തിച്ചു. ഉദുമയിൽ കെ.ജി മാരാർ മത്സരിച്ചപ്പോൾ ചീഫ് ഇലക്ഷൻ ഏജൻറായിരുന്നു പിണറായി വിജയനെന്നും ഇക്കാര്യമൊന്നും തങ്ങളിപ്പോൾ പറഞ്ഞുനടക്കുന്നില്ലെന്നും രമേശ് കൂട്ടിച്ചേർത്തു. ഇതിനിടെ, ബി.ജെ.പി ബന്ധം ആർക്കായിരുന്നുവെന്നത് എല്ലാവർക്കും അറിയാമെന്നും കെ.ജി മാരാറുടെ ആത്മകഥയിൽ ഇക്കാര്യം വിവരിക്കുന്നുണ്ടെന്നുമാണ്, കോൺഗ്രസിനെ ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.
തീവ്ര ഹിന്ദു വലതുപക്ഷത്തുള്ളവർ മുഖ്യമന്ത്രിയായി പിണറായി വിജയനെതന്നെ കൊണ്ടുവരാൻ ശ്രമിക്കുന്നതിെൻറ ഭാഗമാണ് സി.പി.എം-ബി.ജെ.പി ഡീൽ എന്ന് അയ്യപ്പ ധർമസേന നേതാവ് രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.