തൃശൂർ: കേരള കർഷിക സർവകലാശാല വൈസ് ചാൻസലറുടെ യോഗ്യതകൾ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളിലും പരാതിയിലും രജിസ്ട്രാറോട് റിപ്പോർട്ട് തേടിയ സർക്കാർ നടപടി ചടങ്ങ് മാത്രമാകും. സർവകലാശാലകളുമായി സർക്കാറിെൻറ എഴുത്തുകുത്തുകൾ നടക്കുന്നത് രജിസ്ട്രാർ വഴിയാണ്. ഗുരുതരമായ ഈ വിഷയത്തിലും സർക്കാർ ചട്ടപ്പടി നീങ്ങുന്നത് ഫലപ്രദമാകുമോ എന്ന് കണ്ടറിയണം. അതിന് പകരം, വൈസ് ചാൻസലറുടെ നിയമനാധികാരിയും ചാൻസലറുമായ ഗവർണർ വിഷയത്തിൽ ഇടപെടാൻ ശിപാർശ ചെയ്യുന്നതായിരുന്നു അഭികാമ്യമെന്ന് സർവകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച വിഷയത്തിന് നൽകിയ മറുപടിയിലാണ് കാർഷിക സർവകലാശാല പ്രോ-ചാൻസലറായ കൃഷിമന്ത്രി പി. പ്രസാദ്, രജിസ്ട്രാറോട് റിപ്പോർട്ട് തേടിയതായി അറിയിച്ചത്. സർവകലാശാലയിൽ കാലങ്ങളായി രജിസ്ട്രാർ അടക്കം പല ഉന്നത പദവികളിലും നടക്കുന്നത് ഇൻ-ചാർജ് ഭരണമാണ്. ഇതാകട്ടെ സീനിയോറിറ്റി പോലും പരിഗണിക്കാതെ അതത് കാലത്തെ രാഷ്ട്രീയ താൽപര്യവും മറ്റും നോക്കിയാണ്.
വി.സിക്ക് വിധേയരായിരിക്കുക എന്നതാണ് കുറെ കാലമായി ഇവിടെ രജിസ്ട്രാർമാരുടെ 'അധിക യോഗ്യത'. വിവരാവകാശ അപേക്ഷകളിൽ മറുപടി നൽകണമോ എന്നും എന്ത് മറുപടി കൊടുക്കണമെന്നും തീരുമാനിക്കുന്നത് വി.സിയാണെന്ന് സമീപകാലത്ത് സർവകലാശാലയിൽനിന്ന് ഉയരുന്നത് ശക്തമായ പരാതിയാണ്. ഇതിെൻറ പേരിൽ മാസങ്ങൾക്കുമുമ്പ് വിവരാവകാശ കമീഷൻ രജിസ്ട്രാറുടെ ചെവിക്ക് പിടിച്ചിരുന്നു.
ആരോപണം നേരിടുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഡോ. ആർ. ചന്ദ്രബാബു കണ്ണടച്ച് തുറക്കും മുമ്പാണ് 2017ൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായത്. റിട്ട. ജസ്റ്റിസ് പി. സദാശിവം ആയിരുന്നു അന്ന് ഗവർണർ. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറലായിരുന്ന ത്രിലോചൻ മഹാപാത്ര, സംസ്ഥാന സർക്കാർ നോമിനി ചീഫ് സെക്രട്ടറി കെ.എം. അബ്രഹാം, സർവകലാശാല പ്രതിനിധിയായി ഡോ. രവി രാമൻ എന്നിവരായിരുന്നു നിയമന സമിതി അംഗങ്ങൾ. അപേക്ഷകർ ഏറെ ഉണ്ടായിരുന്നെങ്കിലും രാജ്ഭവനിൽ നടന്ന തെരച്ചിൽ സമിതിയുടെ ആദ്യ യോഗത്തിൽതന്നെ ചന്ദ്രബാബുവിനെ 'തെരഞ്ഞെടുത്തു'. നിയമനത്തിന് വിജിലൻസ് ക്ലിയറൻസ് പോലും തേടാതെ അന്നുതന്നെ ഗവർണർ ഉത്തരവുമിറക്കി.
നിയമന സമിതിക്ക് ചന്ദ്രബാബു സമർപ്പിച്ച ബയോഡാറ്റയിൽ അവകാശപ്പെട്ട 'യോഗ്യതകൾ' വ്യാജമെന്നാണ് ഇപ്പോൾ വിവരാവകാശ രേഖകളായും വിദേശ സർവകലാശാലകളിൽ നിന്നുള്ള മറുപടിയായും പുറത്തുവന്നത്. അത്യന്തം ഗൗരവമുള്ള ഈ വിഷയം സർക്കാർ അതർഹിക്കുന്ന രീതിയിലാണോ കൈകാര്യം ചെയ്യുന്നതെന്ന് സർവകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെ സംശയം പ്രകടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.