മുസ്‍ലിം ലീഗിലേക്കെന്ന അഭ്യൂഹം തള്ളി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: മുസ്‍ലിം ലീഗിലേ​ക്ക് ചുവടുമാറുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി മുൻ മന്ത്രിയും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവർകോവിൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയം മുതൽതന്നെ വ്യക്തിപരമായി വേട്ടയാടാൻ സകല ഹീനമാർഗവും പ്രയോഗിച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് വ്യാജവാർത്ത നിർമിതിക്ക് പിന്നിലും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

വിഭാഗീയ പ്രവർത്തനത്തിന് പാർട്ടി പുറത്താക്കിയ ചില ആളുകൾ കടുത്ത ഇടതുപക്ഷ വിരുദ്ധരായ ചില മാധ്യമപ്രവർത്തകരെ കൂട്ടുപിടിച്ചാണ് ഈ വ്യാജ നിർമിതികൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും. ഐ.എൻ.എല്ലിന്റെ രാഷ്ട്രീയ സത്യസന്ധതയെയും അടിയുറച്ച ഇടതുപക്ഷ നിലപാടിനെയും കരിനിഴലിലാക്കാമെന്നത് മൗഢ്യമാണ്. ഐ.എൻ.എൽ ഇടതുബന്ധം ജൈവികവും മുന്നണി അംഗത്വം പതിറ്റാണ്ടുകളുടെ ആദർശ സഹവാസത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും രൂപപ്പെട്ടതുമാണ്. അതിനെ ഇത്തരം വ്യാജ നിർമിതികൾകൊണ്ട് ഉലക്കാൻ കഴിയില്ല.

എറണാകുളത്ത് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് പൊതുനിരത്തിൽ സംഘർഷമുണ്ടാക്കിയ നാൾ മുതൽ ഐ.എൻ.എല്ലിനെ എൽ.ഡി.എഫിൽനിന്നു പുറത്താക്കുന്നതും കിനാവ് കണ്ടുറങ്ങുന്ന വിമതർ നിരാശരാവും. ലീഗിന്റെ ഔദ്യോഗിക പദവികളും സ്ഥാപനങ്ങളെയും ഉപയോഗിച്ച് സമസ്തയെ നശിപ്പിക്കാനിറങ്ങിയ കടുത്ത സുന്നി ആശയവിരുദ്ധരായ പി.എം.എ. സലാമിനെപ്പോലെയുള്ളവരെ സൂചിപ്പിച്ചാണ് ‘ഛിദ്രശക്തി’ എന്നു പ്രയോഗിച്ചത്. ഈ മാധ്യമ പ്രതികരണത്തിലെ ചില കാര്യങ്ങൾമാത്രം അടർത്തിയെടുത്താണ് വ്യാജ നിർമിതിക്കാവശ്യമായ ഉരുപ്പടി ഉണ്ടാക്കിയത്. സമസ്ത എന്ന പണ്ഡിതസഭയെ ഭയപ്പെടുത്തി ലീഗിന്റെ ആലയിലാക്കാനുള്ള കുതന്ത്രങ്ങൾക്കെതിരെ പാർട്ടി പോരാട്ടം തുടരും -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Ahamed Devarkovil denies rumors of joining Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.