കോഴിക്കോട്: ബേപ്പൂരിൽനിന്ന് ചരക്കുനീക്കത്തിന് അന്താരാഷ്ട്ര കപ്പൽ സർവിസ് ആരംഭിക്കുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. കാലിക്കറ്റ് പ്രസ്ക്ലബ് മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കപ്പൽ സർവിസിനുള്ള തടസ്സങ്ങൾ 28ന് നിശ്ചയിച്ച തുറമുഖ മന്ത്രിമാരുടെ യോഗത്തിൽ ഉന്നയിച്ച് പരിഹാരം തേടും.
ഒമാൻ, ഷാർജ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടത്തിന് ബേപ്പൂർ തുറമുഖത്ത് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിക്കും. ബേപ്പൂരിലേക്കും അഴീക്കോട്ടേക്കും ചരക്കുകപ്പൽ സർവിസിനായി അഞ്ചു കമ്പനികൾ തയാറായിക്കഴിഞ്ഞു. ഒന്നിന് പ്രാഥമികാനുമതി നൽകി. അനൗപചാരിക ഉദ്ഘാടനമെന്ന നിലയിൽ 24ന് കൊച്ചിയിൽനിന്ന് പുറപ്പെടുന്ന ചരക്കുകപ്പൽ 25ന് ബേപ്പൂരിലെത്തണമെന്നാണ് തീരുമാനം. വിഴിഞ്ഞത്ത് വൻകിട കപ്പലുകൾക്ക് ക്രൂയിസ് ചെയിഞ്ചിങ് സംവിധാനമായി. ഇത് ബേപ്പൂരും ഒരുക്കും. ബേപ്പൂരിൽ ലക്ഷ്വദ്വീപിന് വിട്ടുകൊടുത്ത സ്ഥലത്ത് അവർ വാർഫ് പണിയുന്നില്ലെങ്കിൽ ഒന്നുകൂടി പണിയും.
ബീച്ചിലും കല്ലായിപ്പുഴയിലും മരവ്യവസായത്തിലും വികസനമെത്തിക്കും. എല്ലാ ജില്ലയിലും പൈതൃക മ്യൂസിയമുണ്ടാക്കും. വലിയങ്ങാടി, ഗുജറാത്തി സ്ട്രീറ്റ് തുടങ്ങിയവ പൈതൃക സംരക്ഷണത്തിൽ ഉൾപ്പെടുത്തും. പുരാവസ്തുക്കൾ വിട്ടുനൽകിയാൽ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കും. കോഴിക്കോട്ടെ കടൽപ്പാലം നിലനിർത്താനാവില്ലെന്നാണ് പഠന റിപ്പോർട്ട്. ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്തും. മൂന്നും നാലും മീറ്ററാണ് ബേപ്പൂരും അഴീക്കോടും കടലിന് ആഴം. ഏഴിനും 14നുമിടയിലായാൽ ലോകത്തെ ഏത് കപ്പലിനും വരാം. േബപ്പൂരിന് പുതിയ മാസ്റ്റർ പ്ലാൻ ഉടൻ തയാറാക്കും. മലബാറിെൻറ ചരിത്രമറിയാനുള്ള മ്യൂസിയം, ബഷീർ സ്മാരകം, മികച്ച മത്സ്യം ലഭിക്കാനുള്ള അന്താരാഷ്ട്ര സംവിധാനം എന്നിവയെല്ലാം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് എം.ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ഇ.പി.മുഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.