തിരുവനന്തപുരം: എ.ഐ കാമറ വഴികളിൽ വിവാദം കത്തുന്നതിനിടെ, ‘നിർമിത ബുദ്ധി’യിലെ വൈകല്യവും ആശയക്കുഴപ്പവും വെളിപ്പെടുന്നു. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെ തന്നെ ഗതാഗതലംഘനങ്ങളെല്ലാം പിടികൂടി കൺട്രോൾ റൂമിലെത്തിക്കുമെന്നായിരുന്നു പുതിയ ട്രാഫിക് എഫോഴ്സ്മെൻറ് സംവിധാനത്തിന്റെ പ്രത്യേകതയായി മോട്ടോർ വാഹനവകുപ്പ് അവകാശപ്പെട്ടിരുന്നത്.
എന്നാൽ, ഈ അവകാശവാദം വിഴുങ്ങിയെന്ന് മാത്രമല്ല, പൊലീസ് കൺട്രോൾ റൂമുകളുടേത് മാതൃകയിൽ ഉദ്യോഗസ്ഥരെ നിയമിച്ച് കുറ്റങ്ങൾ കണ്ടെത്തി മാന്വലായി കമ്പ്യൂട്ടറിലേക്ക് നൽകിയാണ് ചലാൻ തയാറാക്കുന്നത്. നിരത്തിൽനിന്നിരുന്ന ഉദ്യോഗസ്ഥരിനി കൺട്രോൾ റൂമിലിരുന്ന് സ്ക്രീനുകൾ നോക്കി പിഴ ചുമത്തും.
ഒന്നാം പിണറായി സർക്കാറിന്റെ അവസാനകാലത്തുതന്നെ കാമറകൾ സജ്ജമായിരുന്നെങ്കിലും കൺട്രോൾ റൂമുമായി സാങ്കേതികപ്പൊരുത്തമില്ലാതെ വന്നപ്പോൾ നടപടികൾ അനിശ്ചിതത്വത്തിലായിരുന്നു.
അതോടെ നേരത്തെ നടത്താമെന്ന് കരുതിയ ഉദ്ഘാടനം ഒഴിവാക്കി. രണ്ടു വർഷമായി കാമറകൾ നോക്കുകുത്തികളായതിൽ വിമർശനം ശക്തമായതോടെയാണ്, പ്രശ്നങ്ങളും പോരായ്മകളും അതേപടി നിലനിൽക്കെയുള്ള ധിറുതി പിടിച്ച നീക്കങ്ങൾ.
കാമറകൾ പിടികൂടുന്ന കുറ്റങ്ങളിൽ ഓൺലൈനായി ചലാൻ തയാറാക്കുന്നതരം മുന്നൊരുക്കമാണ് നടത്തിയത്. ലഭിക്കുന്ന ചിത്രങ്ങളും വിഡിയോകളും സ്വയമേവ വിശകലനംചെയ്ത് തുടർനടപടികളെടുക്കാൻ സഹായിക്കുന്ന മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സോഫ്റ്റ് വെയറിൽ കുറ്റങ്ങൾ ഏതെല്ലാമെന്നതും അവയുടെ സ്വഭാവവും ഉള്ളടക്കം ചെയ്തിരുന്നു.
വാഹനങ്ങളുടെ വിവരങ്ങളടങ്ങുന്ന കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ‘വാഹൻ’പോർട്ടലിന്റെ വിവരശേഖരവുമായി (ഡേറ്റ ബേസ്) പുതിയ ഓൺലൈൻ സംവിധാനം ബന്ധിപ്പിച്ച് ഇൻഷുറൻസില്ലാത്തതും പുക പരിശോധന സർട്ടിഫിക്കറ്റില്ലാത്തതുമായ വാഹനങ്ങളെ കാമറ സ്വയം പിടികൂടുമെന്നായിരുന്നു മറ്റൊരു അവകാശ വാദം.
എന്നാൽ, ഇപ്പോൾ അതിനെക്കുറിച്ചും മിണ്ടുന്നില്ല. ഹെൽമറ്റും സീറ്റ് ബെൽറ്റും പിടിക്കലാണ് കാമറകളുടെ പ്രധാന ദൗത്യമായി നിജപ്പെടുത്തിയിരിക്കുന്നത്.
ആകെയുള്ള 726 കാമറകളിൽ 675 ഉം ഈ രണ്ട് ഗതാഗതക്കുറ്റങ്ങൾക്കുമുള്ളതാണ്. 25 എണ്ണം ‘നോ പാർക്കിങ്’ മേഖലയിൽ വാഹനം പാർക്ക് ചെയ്യുന്നവരെ കണ്ടെത്താനുള്ളത്. സിഗ്നൽ ലംഘനത്തിന് 18 എണ്ണമാണുള്ളത്. അമിതവേഗം പിടികൂടാൻ വാഹനത്തിൽ ഘടിപ്പിച്ചവയടക്കം എട്ടെണ്ണവും.
നിർമിത ബുദ്ധിയുടെ അവകാശവാദമില്ലാതെ 10 വർഷം മുമ്പേ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കൺട്രോൾ റൂമടക്കം സ്ഥാപിച്ച് സ്ക്രീനുകൾ നോക്കി പിഴ ചുമത്തുന്ന പദ്ധതി തലസ്ഥാന നഗരത്തിൽ പ്രയോജനപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.