തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾ കൈയോടെ പിടികൂടുമെന്ന അവകാശവാദങ്ങളോടെ സർക്കാർ നിരത്തുകളിൽ സ്ഥാപിച്ച നിർമിത ബുദ്ധി കാമറകൾ വിവാദച്ചുഴിയിലേക്ക്. കരാറുകളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് പ്രതിപക്ഷം തെളിവ് സഹിതം ആരോപണമുന്നയിച്ചതിന് പിന്നാലെ ‘എ.ഐ കാമറ പദ്ധതി സ്വന്തം പദ്ധതിയാണെ’ന്ന കഴിഞ്ഞ ദിവസത്തെ നിലപാടിൽനിന്ന് കെൽട്രോൺ മലക്കം മറിഞ്ഞു. ആരോപണങ്ങൾക്ക് കട്ടികൂടുമ്പോഴും സർക്കാർ മറുപടി പറയുന്നില്ലെന്ന് മാത്രമല്ല, ‘പ്രതികരിക്കേണ്ടത് കെല്ട്രോണെന്ന്’ പറഞ്ഞ് ഗതാഗതമന്ത്രി ആന്റണി രാജു കൈയൊഴിയുക കൂടി ചെയ്തതോടെ ദുരൂഹതയുടെ ആഴവും പരപ്പും വർധിക്കുകയാണ്. ആളുകളുടെ പോക്കറ്റടിക്കുമെന്ന സാധാരണക്കാരന്റെ ആശങ്കകൾക്കപ്പുറം കോടികൾ ചെലവഴിക്കുന്ന പദ്ധതിയിലെ ഇടപാടുകളെ കുറിച്ചും ചൂടേറിയ ചോദ്യങ്ങളുയരുകയാണ്.
നിർമിത ബുദ്ധി കാമറ ഇടപാടുകളിലെ സുതാര്യതയെ കുറിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംശയവും ആരോപണവുമുന്നയിച്ചത് തുടക്കത്തിൽതന്നെ മോട്ടോർ വാഹനവകുപ്പിന് കല്ലുകടിയായതിനു പിന്നാലെയാണ് പ്രഹരമായി കരാർ രേഖകളടക്കം വെളിപ്പെടുത്തിയുള്ള രമേശ് ചെന്നിത്തലയുടെ വാർത്തസമ്മേളനം. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻപരിചയമില്ലാത്ത കമ്പനിക്കാണ് കെൽട്രോൺ കരാർ നൽകിയതെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഈ കരാർ നൽകിയ ടെൻഡറിലും അവ്യക്തതയുണ്ട്. 151.22 കോടിക്കാണ് കെൽട്രോൺ എസ്.ആർ.ഐ.ടി എന്ന കമ്പനിക്കുള്ള കരാർ നൽകിയത്. എന്നാൽ, കോഴിക്കോട് മലാപ്പറമ്പിലെയും തിരുവനന്തപുരം നാലാഞ്ചിറയിലെയും രണ്ട് കമ്പനികൾക്ക് വീണ്ടും ഉപകരാർ നൽകുകയായിരുന്നു.
75 കോടിക്ക് കമ്പനികൾ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് സർക്കാർ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോൾ 232 കോടിയായി. 81 കോടി രൂപ അധികം വന്നെന്നും ചെന്നിത്തല ആരോപിക്കുന്നു. തങ്ങളുടെ സ്വന്തം പദ്ധതിയാണ് എ.ഐ കാമറ എന്ന് കഴിഞ്ഞ ദിവസം വിശദീകരിച്ച കെൽട്രോൺ പക്ഷേ, തങ്ങൾ ചട്ടപ്രകാരം കരാർ നൽകിയിട്ടുണ്ടെന്ന് തിങ്കളാഴ്ച സമ്മതിച്ചു. മാത്രമല്ല, ഈ കമ്പനി ഉപകരാർ നൽകിയിട്ടുണ്ടെങ്കിൽ അതിന് തങ്ങൾക്ക് ബാധ്യതയില്ലെന്നു കൂടിയാണ് കെൽട്രോണിന്റെ നിലപാട്. ‘സ്വന്തം പദ്ധതി’ എന്ന അവകാശവാദം മണിക്കൂറുകൾക്കുള്ളിൽ പൊളിഞ്ഞെന്ന് മാത്രമല്ല പിന്നാമ്പുറത്തെ കരാറുകളുടെ ദുരൂഹവിവരങ്ങളിലേക്കാണ് സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.