തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായ പുതിയ വിദഗ്ധ സമിതി രൂപീകരിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന സാങ്കേതിക സമിതി യോഗത്തിലാണ് തീരുമാനം. ജൂൺ 5 മുതൽ തന്നെ പിഴ ഈടാക്കി തുടങ്ങാനാണ് തീരുമാനം.
കേന്ദ്ര വാഹന നിയമം അനുസരിച്ച് എ.ഐ ക്യാമറകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ റോഡ് സുരക്ഷയ്ക്കായി സ്ഥാപിക്കുമ്പോൾ സെക്ഷൻ 167 A പ്രകാരം അവ കൃത്യമായും, സുഗമമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത് ഈ സമിതിയാണ്. ആവശ്യമായ സാങ്കേതിക വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് മെയ് 30 നകം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ യോഗം ആവശ്യപ്പെട്ടു.
സർക്കാർ തീരുമാന പ്രകാരം ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ കമ്മിറ്റിയാണ് ഇവ സുഗമമായി പ്രവർത്തിക്കുന്നുവെന്ന് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇതോടൊപ്പം ക്യാമറ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൃത്യമായി അറിവ് നൽകുന്നതിന് വേണ്ടി മുന്നറിയിപ്പ് ബോർഡുകളും മറ്റ് പ്രചരണങ്ങളും നടത്തും. എ.ഐ ക്യാമറയുടെ ഉപയോഗം കൊണ്ട് അപകടം കുറയ്ക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ വഴി മതിയായ പ്രചരണം നൽകുകയും ചെയ്യും.
യോഗത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ, ഐ.ടി ഡിപ്പാർട്ട്മെന്റ് പ്രതിനിധി, ലോ ഡിപ്പാർട്ട്മെന്റ് പ്രതിനിധി, മറ്റു സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.