മലപ്പുറം: എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടും പ്ലസ് വണിന് സംസ്ഥാനത്ത് ഇതുവരെ പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുന്നത് 222 പേർ. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരമാണിത്. കൂടുതൽ പേർക്ക് സീറ്റ് ലഭിക്കാത്തത് കൊല്ലം ജില്ലയിലാണ്. 61 പേരാണ് മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയാക്കിയിട്ടും ഇവിടെ പുറത്തുനിൽക്കുന്നത്.
കോഴിക്കോട് ജില്ലയാണ് രണ്ടാമതുള്ളത്. 38 അപേക്ഷകർക്ക് ഇവിടങ്ങളിൽ സീറ്റ് ലഭിച്ചിട്ടില്ല. മൂന്നാം സ്ഥാനത്തുള്ള എറണാകുളം ജില്ലയിൽ 28 അപേക്ഷകർക്കും നാലാം സ്ഥാനത്തുള്ള മലപ്പുറത്ത് 19 പേർക്കും എ പ്ലസുണ്ടായിട്ടും സീറ്റ് നൽകാൻ കഴിഞ്ഞിട്ടില്ല. ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ 16, തിരുവനന്തപുരം 12, കണ്ണൂർ 10, പത്തനംതിട്ട-കോട്ടയം ആറ് വീതം, വയനാട് നാല്, പാലക്കാട് മൂന്ന്, തൃശൂർ രണ്ട്, കാസർകോട് ഒന്ന് എന്നിങ്ങനെയാണ് കണക്ക്.
അപേക്ഷ നൽകിയ ഘട്ടത്തിൽ കുറച്ച് ഓപ്ഷനുകൾ മാത്രം നൽകിയതിനാലാണ് ഇവർക്ക് പ്രവേശനം ലഭിക്കാതെ പോയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഈ വിദ്യാർഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റോടെ പ്രവേശനം നൽകാനാകുമെന്നും വകുപ്പ് പറയുന്നു. സപ്ലിമെന്ററി ഘട്ടത്തിനായി സംസ്ഥാനത്ത് 68,161 സീറ്റുകൾ ഒഴിവുണ്ടെന്നും അധികൃതർ വിശദീകരിക്കുന്നു. നിലവിൽ സംസ്ഥാനത്ത് 4,66,071 പേരാണ് അപേക്ഷകരായിട്ടുള്ളത്. ഇതിൽ 3,24,085 പേരാണ് മുഖ്യഘട്ടത്തിൽ പ്രവേശനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.