തിരുവനന്തപുരം: എ.ഐ കാമറകൾ വഴി റോഡപകടങ്ങൾ കുറയ്ക്കാനെന്ന പേരിൽ തിരക്കിട്ട് നടപ്പാക്കുന്ന പിഴ പിരിക്കലിന് പിന്നിൽ സ്വകാര്യ കമ്പനിക്ക് പണം കൈമാറാനുള്ള ധിറുതി. പദ്ധതിക്ക് അനുമതി നൽകിയെങ്കിലും അതൃപ്തിയും പൊരുത്തക്കേടുകളും അടിവരയിട്ടുള്ള സർക്കാറിന്റെ അന്തിമ ഉത്തരവിൽതന്നെയാണ് മോട്ടോർ വാഹനവകുപ്പിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന പരാമർശങ്ങളുള്ളത്.
726 കാമറകൾ സംസ്ഥാന വ്യാപകമായി നിരത്തുകളിൽ സ്ഥാപിക്കുന്നതിനും നെറ്റ്വർക്ക്, കൺട്രോൾ റൂമുകൾ എന്നിവ ഒരുക്കുന്നതിനും തുക ചെലവഴിച്ചത് കെൽട്രോൺ കരാർ നൽകിയ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയാണ്. പലിശയും പിഴപ്പലിശയും ചേർത്താണ് മോട്ടോർ വാഹനവകുപ്പ് ഈ കടം വീട്ടേണ്ടത്.
കാമറകൾ പ്രവർത്തിച്ച് തുടങ്ങിയശേഷം പിഴയായി കിട്ടുന്ന തുകയിൽനിന്ന് മൂന്ന് മാസത്തിലൊരിക്കൽ 11.61 കോടി രൂപ വീതം 20 തവണകളായി അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഫലത്തിൽ വരുന്ന അഞ്ചുവർഷം തലങ്ങും വിലങ്ങും വാഹന യാത്രികരെ പിഴിഞ്ഞും ഊറ്റിയും പണം സമാഹരിച്ചാലേ 232 കോടിയുടെ തിരിച്ചടവ് നടക്കൂ.
നികുതി വർധന മൂലം ജനം പൊറുതിമുട്ടുന്നതിനിടയിലാണ് റോഡുസുരക്ഷക്കെന്ന പേരിൽ സ്വകാര്യ കമ്പനിക്ക് വേണ്ടിയുള്ള പോക്കറ്റടിക്കും കളമൊരുങ്ങുന്നത്. സര്ക്കാര് ഇതുവരെ പണമൊന്നും മുടക്കിയിട്ടില്ലെന്നും കമ്പനിയാണ് മുടക്കിയതെന്നും കെൽട്രോൺ സി.എം.ഡി സമ്മതിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുകയിൽ 50 ശതമാനം റോഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറാമെന്ന് 2007 ലെ റോഡുസുരക്ഷ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ പഴുത് മറയാക്കിയാണ് സ്വകാര്യ കമ്പനിയുടെ കടം വീട്ടാൻ പിഴത്തുക ഉപയോഗിക്കുന്നത്.
മോട്ടോർ വാഹനവകുപ്പും കെൽട്രോണും തമ്മിലെ കരാറിൽ കമ്പനിക്ക് അനുകൂലമായ പരാമർശങ്ങളുണ്ടെന്നതാണ് മറ്റൊന്ന്. ഒരു കൺട്രോൾ റൂം പ്രവർത്തിക്കാതിരുന്നാൽ ഒരാഴ്ചത്തേക്ക് പിഴയായി നിശ്ചയിച്ചിരിക്കുന്നത് 1000 രൂപ മാത്രമാണെന്നാണ് അന്തിമ അനുമതി നൽകുന്നതിനായി പരിഗണിച്ച കാബിനറ്റ് കുറിപ്പിൽ വിമർശന സ്വഭാവത്തിൽ സൂചിപ്പിച്ചിരിക്കുന്നു.
കെൽട്രോൺ സമർപ്പിച്ച പ്രെപ്പോസലിൽ ആദ്യം അഞ്ച് വർഷം കൊണ്ട് പദ്ധതിക്ക് ചെലവാകുന്ന 236 കോടിക്ക് പുറമെ 188 കോടി രൂപ അധികമായി സർക്കാറിന് ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്രയും തുക സർക്കാറിന് ലഭിക്കുമെന്ന വിഷയത്തിൽ കെൽട്രോൺ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നും കാബിനറ്റ് കുറിപ്പ് അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.