എ.ഐ കാമറ അഴിമതി: മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് വി.ഡി സതീശൻ

കൊച്ചി: എ.ഐ കാമറ അഴിമതിയിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാ ഇടപാടുകളും നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എല്ലാം അറിയാവുന്ന മുഖ്യമന്ത്രി മൗനവ്രതത്തിലാണ്. മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇടപാടിന് പിന്നിലെ എല്ലാ രഹസ്യങ്ങളും പുറത്ത് വരും. എ.ഐ ഇടപാടില്‍ എല്ലാവരും നോക്ക് കൂലി വാങ്ങുകയാണ്. പ്രസാഡിയ എന്ന കമ്പനിയാണ് ഏറ്റവും കൂടുതല്‍ നോക്ക് കൂലി വാങ്ങുന്നത്. രേഖകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എ.ഐ ക്യാമറ ഇടപാടിന് പിന്നിലെ അഴിമതി സംബന്ധിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇടപാടിനെ കുറിച്ച് അറിയില്ലെന്ന് ഇപ്പോഴത്തെ ഗതാഗതമന്ത്രിയും ഓർമയില്ലെന്ന് പഴയ ഗതാഗത മന്ത്രിയും പറയുകയാണ്. കൊള്ള നടത്തുക എന്നത് മാത്രമാണ് ഈ ഇടപാടിന് പിന്നിലെ പ്രധാന ലക്ഷ്യം. ഭാര്യയും ഭര്‍ത്താവും പിഞ്ച് കുഞ്ഞും ബൈക്കില്‍ പോകാന്‍ പാടില്ലെന്നാണ് പറയുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിപക്ഷം എതിരല്ല. പക്ഷെ പൊതുപണം അടിച്ചുമാറ്റരുതെന്ന് അദ്ദേഹം പറഞ്ഞു.

കാമറ വാങ്ങുന്നത് സംബന്ധിച്ച ടെണ്ടര്‍ സുതാര്യമല്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ടെണ്ടറില്‍ നാല് കമ്പനികള്‍ പങ്കെടുത്തു. ഇതില്‍ ഗുജറാത്ത് ഇന്‍ഫോടെക് ലിമിറ്റഡെന്ന സ്ഥാപനം മതിയായ സാങ്കേതിക യോഗ്യത ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ടു.

അവശേഷിച്ച മൂന്ന് കമ്പനികളില്‍ നിന്നും എസ്.ആര്‍.ഐ.ടിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് രണ്ടും അക്ഷര എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മൂന്നും സ്ഥാനത്തെത്തി. ഇതില്‍ അശോക ബില്‍ഡ്‌കോണ്‍ എന്ന കമ്പനിക്ക് സോഫ്ട് വെയറുമായോ ക്യാമറയുമായോ ബന്ധമില്ലെന്നു മാത്രമല്ല റോഡുകളും പാലങ്ങളും നിർമിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണെന്നാണ് അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കെ- ഫോണില്‍ എസ്.ആര്‍.ഐ.ടി ഉപകരാര്‍ നല്‍കിയ കമ്പനി കൂടിയാണ് അശോക ബില്‍ഡ്‌കോണ്‍. അക്ഷര എന്റര്‍പ്രൈസസിനും എസ്.ആര്‍.ഐ.ടിയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവ് പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. എസ്.ആര്‍.ഐ.ടിക്ക് ടെണ്ടര്‍ ലഭിക്കുന്നതിന് വേണ്ടി മറ്റ് രണ്ട് കമ്പനികളെ ഉപയോഗപ്പെടുത്തിയെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

ടെണ്ടറില്‍ പങ്കെടുക്കാത്ത ടെക്‌നോപാര്‍ക്കിലെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെയും രണ്ട് കമ്പനികള്‍ എസ്.ആര്‍.ഐ.ടിയെ സാങ്കേതികമായി സഹായിക്കാമെന്ന അണ്ടര്‍ടേക്കിങ് കെല്‍ട്രോണിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ആര്‍.ഐ.ടി ഈ കരാര്‍ നേടിയെടുത്തത്. ഈ രണ്ട് കമ്പനികളും കെല്‍ട്രോണിന് നല്‍കിയ കത്തിന് എന്ത് നിയമസാധുതയാണുള്ളത്?

വളഞ്ഞ വഴിയിലൂടെ ടെണ്ടര്‍ നേടിയെടുത്തത്തിനു ശേഷം എസ്.ആര്‍.ഐ.ടി രണ്ട് സ്ഥാപനങ്ങളുമായി ചേര്‍ന്ന് വീണ്ടുമൊരു കണ്‍സോര്‍ഷ്യം കരാര്‍ ഉണ്ടാക്കി. ഈ കണ്‍സോര്‍ഷ്യം കരാര്‍ പ്രകാരം മറ്റു രണ്ടു കമ്പനികള്‍ പദ്ധതിക്ക് ആവശ്യമായ മുതല്‍ മുടക്കണമെന്നും ജോലികളെല്ലാം ഏറ്റെടുക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് കൂടാതെ മൊത്തം തുകയുടെ ആറ് ശതമാനം അതായതു ഒമ്പത് കോടി കമ്മീഷനായി എസ്.ഐ.ആര്‍.ഐ.ടിക്ക് നല്‍കണമെന്നും വ്യവസ്ഥ ചെയ്തു. കണ്‍സോഷ്യത്തില്‍ ഉള്‍പ്പെട്ട പണം മുടക്കുന്ന കമ്പനിക്ക് 60 ശതമാനം ലഭിക്കുമ്പോള്‍ പണം മുടക്കാത്ത പ്രസാഡിയാ എന്ന കമ്പനിക്ക് 60 ശതമാനം ലാഭ വിഹിതം നല്‍കണം. പ്രസാഡിയക്ക് പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

സാങ്കേതിക പ്രാധാന്യമുള്ള കരാറുകളില്‍ ഉപകരാര്‍ പാടില്ലെന്ന കേന്ദ്ര വിജിലന്‍സ് കമീഷന്റെ നിർദേശത്തിന് വിരുദ്ധമായ നടപടികളാണ് എ.ഐ കാമറ ഇടപാടില്‍ നടന്നത്. എസ്.ഐ.ആര്‍.ടിക്ക് സാങ്കേതിക പിന്‍ബലം നല്‍കാമെന്ന് സമ്മതിച്ച ടെക്‌നോപാര്‍ക്കിലെ കമ്പനിയുടെ ഡയറക്ടര്‍ ഊരാളുങ്കലും എസ്.ഐ.ആര്‍.ടിയും ഒന്നിച്ചുണ്ടാക്കിയ കമ്പനിയുടെ ഡയറക്ടറാണ്. എല്ലാ രഹസ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് തട്ടിപ്പിന് പിന്നിലെന്ന ആരോപണം ശരി വക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.

അഴിമതി നടത്തുന്ന പണം കാമറ വച്ച് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്നും എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതിയാണ് പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. തുടര്‍ നടപടികള്‍ 27-ന ചേരുന്ന യു.ഡി.എഫും കെ.പി.സി.സിയും തീരുമാനിക്കും. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടന്നിരിക്കുന്നത്.

Tags:    
News Summary - AI Camera Scam: VD Satheesan will answer with the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.