കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് ഇന്നും സർവിസുകൾ റദ്ദാക്കി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാല് സർവിസുകളാണ് റദ്ദാക്കിയത്.
ഷാര്‍ജ, അബുദാബി, ദമ്മാം വിമാന സര്‍വിസുകളാണ് കണ്ണൂരിൽ നിന്ന് റദ്ദാക്കിയത്. മേയ് 13ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. ഇന്നലെ വൈകീട്ട് നെടുമ്പാശേരിയിൽ നിന്ന് കൊൽക്കത്തക്കുള്ള വിമാനവും റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വിസുകളും മുടങ്ങി.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ഇന്നലെ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ 80ലേറെ വിമാനസർവിസുകൾ മുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ തുടർച്ചയായി ഇന്നും സമരത്തിലാണ് ജീവനക്കാർ. യാത്ര മുടങ്ങിയതോടെ പലയിടത്തും കനത്ത പ്രതിഷേധമുയർന്നിരിക്കുകയാണ്. ഇന്നലെ നിരവധി വിമാനങ്ങൾ വൈകിയിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് അവധി കഴിഞ്ഞ് തിരിച്ചുപോകുന്നവർക്ക് തിരിച്ചടിയായി. പല വിമാനത്താവളങ്ങളിലും യാത്രക്കാരും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും തമ്മിൽ തർക്കങ്ങളും അരങ്ങേറി. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയവിവരം പലയിടത്തും യാത്രക്കാരെ അറിയിച്ചത്.
മാനേജ്മെന്റിനോടുള്ള പ്രതിഷേധത്തെതുടർന്ന് 200ലേറെ ജീവനക്കാരാണ് കൂട്ടമായി രോഗാവധിയെടുത്തത് സമരത്തിന്‍റെ ഭാഗമായത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാർ ചൊവ്വാഴ്ച രാത്രിയാണ് ചരിത്രത്തിലില്ലാത്ത വിധം മിന്നൽ പണിമുടക്ക് തുടങ്ങിയത്.
സർവീസ് തടസ്സപ്പെട്ടതിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. പണം തിരിച്ചുനൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്ര പുനക്രമീകരിക്കുകയോ ചെയ്യുമെന്നും കമ്പനി വാഗ്ദാനം ചെയ്തു. കമ്പനിയുടെ കെടുകാര്യസ്ഥത ജീവനക്കാരുടെ മനോവീര്യത്തെ ബാധിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.