‘അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ, ആർ.എസ്.എസ് കൂടിക്കാഴ്ചയിലുള്ള അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശ’; ആഞ്ഞടിച്ച് അൻവർ

മലപ്പുറം: എ.ഡി.ജി.പി അജിത് കുമാർ നോട്ടോറിയസ് ​ക്രിമിനലാണെന്നും ആർ.എസ്.എസ് നേതാക്കളുമായുള്ള അദ്ദേഹത്തി​ന്റെ കൂടിക്കാഴ്ചയിലുള്ള അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശയാണെന്നും പി.വി അൻവർ എം.എൽ.എ. കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ പൂരം കലക്കിയതിനെ കുറിച്ച് അന്വേഷിക്കാനാണ് പറഞ്ഞത്. പൂരം കലക്കിച്ചതാണ്. അത് കലക്കിച്ചത് എ.ഡി.ജി.പി അജിത് കുമാറാണ്. എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഇനിയെന്തിനാണൊരു അന്വേഷണം. അത് ഏറ്റവും വലിയ തമാശയല്ലേ​?. വ്യക്തിപരമായ അഭിപ്രായത്തിൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല. നാട്ടിലെ എല്ലാ മനുഷ്യർക്കുമറിയാം, അയാൾ ആർ.എസ്.എസുമായി നല്ല ബന്ധത്തിലാണ്. എല്ലാ കാര്യങ്ങളും അദ്ദേഹമാണ് നടത്തിക്കൊടുക്കുന്നത്. ഇതൊരു സത്യമല്ലേ, സൂര്യനുദിക്കുന്നത് പോലെ നിൽക്കുകയല്ലേ, ഇനി അതിന് മുകളിലൊരു അന്വേഷണം വേണോ?. അത് 2024 ഏറ്റവും വലിയ തമാശയായി കൂട്ടിയാൽ മതി’ -അൻവർ പറഞ്ഞു.

അജിത് കുമാർ പൂരത്തിന് ​വേണ്ടി മാത്രമായി വന്ന് ആർ.എസ്.എസുകാരെ കണ്ടതല്ല. നിങ്ങൾ രണ്ടുതവണ കണ്ടതിനെ കുറിച്ചാണ് പറയുന്നത്, പതിനായിരം പ്രാവശ്യം കണ്ടിട്ടുണ്ടാകും. അവരുമായിട്ടാണ് അയാളുടെ സംസർഗം. അവരുടെ അജണ്ടയാണ് നടപ്പാക്കുന്നത്. എനിക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അജിത് കുമാറിനെ സസ്പെൻഡ് ചെയ്യുകയല്ല, ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്. ഞാൻ ആദ്യം പറഞ്ഞത് മാറ്റിനിർത്തണമെന്നാണ്. ഒരാഴ്ച മുമ്പ് സസ്​പെൻഡ് ചെയ്യണമെന്ന് പറഞ്ഞു. ഇന്ന് ഞാൻ പറയുന്നത് ഡിസ്മിസ് ചെയ്യണമെന്നാണ്. ഈ ഡിപ്പാർട്ട്മെന്റിൽനിന്ന് അയാളെ താഴെയിറക്കണം. അയാൾ പൊലീസ് ഡിപ്പാർട്ട്മെന്റിന് പറ്റുന്നയാളല്ല. അത് പ്രപഞ്ചത്തിൽ നിൽക്കുന്ന സത്യമാണ്. അത് ജനങ്ങൾക്കറിയാം. അയാൾ ക്രിമിനലാണ്, നൊട്ടോറിയസ് ക്രിമിനൽ. ഒരു തർക്കവുമില്ലെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എന്തുകൊണ്ടാണ് ഇക്കാര്യം ബോധ്യപ്പെടാത്തതെന്ന ചോദ്യത്തിന് അതെനിക്കറിയില്ലെന്നായിരുന്നു മറുപടി. ‘ചില സംഗതികൾ അങ്ങനെയാണല്ലോ. ചില ആളുകൾക്ക് ബോധ്യപ്പെടണമെങ്കിൽ കുറച്ചു സമയമെടുക്കുമായിരിക്കും. ഹെഡ്മാസ്റ്ററെ കുറിച്ചുള്ള കാര്യം പ്യൂൺ അന്വേഷിച്ച് ഹെഡ്മാസ്റ്റർക്ക് തന്നെ റിപ്പോർട്ട് കൊടുക്കുന്ന പോലെയാണ് പൂരം കലക്കിയതിനെ കുറിച്ച് അജിത് കുമാർ അന്വേഷിച്ച് റിപ്പോർട്ട് കൊടുത്തത്. അജിത് കുമാറിനെതിരായ നടപടിയൊക്കെ സർക്കാർ തീരുമാനിക്കട്ടെ, ഞാനൊരു സാധാരണ പാവപ്പെട്ട എം.എൽ.എ അല്ലേ, നടപടി വേണമെന്നൊക്കെ എനിക്ക് പറയാൻ പറ്റുമോയെന്നും എം.എൽ.എ പരിഹസിച്ചു. 

Tags:    
News Summary - Ajit Kumar is a Notorious Criminal, Investigation into RSS Meet Biggest Joke of 2024 -PV Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.