തിരുവനന്തപുരം: അനിൽ ആന്‍റണി ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോൾ എ.കെ. ആന്‍റണിയുടെ വസതിയിൽ ഇളയ മകന്‍റെ പിറന്നാൾ ആഘോഷം വേണ്ടെന്നുവെച്ചു. എ.കെ. ആന്‍റണിയുടെ രണ്ടാമത്തെ മകൻ അജിത് കെ. ആന്‍റണിയുടെ ജന്മദിനമായിരുന്നു വ്യാഴാഴ്ച. സമീപത്തെ വൃദ്ധസദനത്തിൽ ജന്മദിന ആഘോഷം നടത്താനാണ് നിശ്ചയിച്ചിരുന്നത്.
അവിടത്തെ അന്തേവാസികൾക്ക് ഭക്ഷണം എത്തിക്കുന്ന സമയത്താണ് അനിൽ ബി.ജെ.പിയിലേക്ക് ചേക്കേറുന്നെന്ന വാർത്ത പുറത്തുവന്നത്. ഇതോടെ ആഘോഷം ഒഴിവാക്കി. ഭക്ഷണം വൃദ്ധസദനത്തിലേക്ക് അയച്ചു. ജയ്ഹിന്ദ് എന്ന ഒറ്റ വരിക്കൊപ്പം കൈപ്പത്തി ചിഹ്നമിട്ട് താൻ പിതാവിനൊപ്പമാണെന്ന് അജിത് പ്രഖ്യാപിക്കുകയും ചെയ്തു.
അനിൽ ബി.ജെ.പിയിലേക്ക് പോകുന്നത് ആന്‍റണിയെ വല്ലാതെ ദുഃഖത്തിലാക്കിയെന്നാണ് വിവരം. അദ്ദേഹവുമായി സംസാരിച്ച കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഇതു സൂചിപ്പിക്കുകയും ചെയ്തു. അനിൽ ബി.ജെപിയിലേക്ക് പോകുന്നെന്ന വിവരം പുറത്തു വന്നതിനു പിന്നാലെ തലസ്ഥാനത്തുള്ള നേതാക്കൾ ആന്‍റണിയെ വീട്ടിൽ സന്ദർശിച്ചിരുന്നു. പതിവുപോലെ അഞ്ചരക്ക് അദ്ദേഹം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലേക്ക് പോവുകയും ചെയ്തു. മാധ്യമങ്ങൾ വീടിനു പുറത്ത് ഉച്ചമുതൽ കാത്തുനിന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. അഞ്ചരക്ക് ഇന്ദിര ഭവനിൽ കാണാമെന്ന വിവരമാണ് മാധ്യമങ്ങൾക്ക് നൽകിയത്. മകന്‍റെ തീരുമാനത്തെ തള്ളിയാണ് ആന്‍റണി സംസാരിച്ചത്. അവസാന നിമിഷം വരെ താൻ കോൺഗ്രസുകാരനായിരിക്കുമെന്നും ഇനിയൊരിക്കലും അനിലുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.