ന്യൂഡൽഹി: രണ്ട് മുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി. യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പം എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സ്ഥിതി മാറിയിട്ടുണ്ട്. അടുത്ത പ്രധാന ഘട്ടം സ്ഥാനാർഥി നിർണയമാണെന്നും എ.കെ. ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. പ്രീ പോൾ സർവേ സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം. എൽ.ഡി.എഫ് 72 മുതൽ 78 വരെ സീറ്റ് നേടുമെന്നാണ് സർവേ. യു.ഡി.എഫിന് 59 മുതൽ 65 വരെ സീറ്റ് ലഭിക്കുമെന്നും മൂന്നു മുതൽ ഏഴുവരെ എൻ.ഡി.എക്ക് ലഭിക്കാമെന്നും സർവേ പ്രവചിക്കുന്നു. എൽ.ഡി.എഫിന്-41, യു.ഡി.എഫിന് -39, എൻ.ഡി.എക്ക് -18 ശതമാനം വോട്ട് ലഭിക്കും.
തെക്കൻ കേരളത്തിൽ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതൽ 26 സീറ്റ് വരെ നേടും. യു.ഡി.എഫിന് 12 മുതൽ 14 സീറ്റുവരെയേ ലഭിക്കൂ. 37 ശതമാനമാണ് വോട്ട് വിഹിതം. എൻ.ഡി.എക്ക് 20 ശതമാനം വോട്ട് ലഭിക്കാം. ഒന്നു മുതൽ രണ്ടു വരെ സീറ്റ് നേടും.
മധ്യകേരളത്തിൽ യു.ഡി.എഫിന് 23 മുതൽ 25 വരെ സീറ്റുകളും എൽ.ഡി.എഫിന് 16 മുതൽ 18 വരെ സീറ്റുകളും എൻ.ഡി.എക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്. വടക്കൻ കേരളത്തിൽ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിർത്തും.
43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യു.ഡി.എഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതൽ 26 വരെ സീറ്റാണ് ലഭിക്കുക. എൻ.ഡി.എക്ക് രണ്ടു മുതൽ നാലു വരെ സീറ്റ് ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.