തിരുവനന്തപുരം: ഫോൺ കെണി വിവാദത്തിൽ മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരെ ചാനൽ പ്രവർത്തക നൽകിയ ഹരജി പരിഗണിക്കുന്നത് കോടതി മാർച്ച് 17ലേക്ക് മാറ്റി. ചാനൽ പ്രവർത്തക കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഒൗദ്യോഗികമായി പിൻവലിച്ചതോടെയാണ് കേസ് നടപടികളുമായി മുന്നോട്ടുപോകാൻ കോടതി തീരുമാനിച്ചത്. ചാനൽ പ്രവർത്തക നൽകിയ പരാതിയിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ നിയമപ്രകാരം കേസെടുത്തിരുന്നു.
പരമാവധി മൂന്നുവർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയത് . തുടർന്ന് ശശീന്ദ്രൻ നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. പരാതിക്കാരി ഉൾപ്പെടെ മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഒൗദ്യോഗിക വസതിയിൽ അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോട് മുൻ മന്ത്രി അപമര്യാദയായി പെരുമാറിയെന്നാണ് മൂന്നുപേരും മൊഴി നൽകിയത്. ഇരുവരുടെയും ഫോൺ സംഭാഷണം ചാനൽ സംപ്രേഷണം ചെയ്തതോടെയാണ് വിഷയം വിവാദമായത്.
ഫോൺ വിളി വിവാദമായതിനെതുടർന്ന് മാർച്ച് 26ന് എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിെവച്ചു. ചാനൽ പ്രവർത്തക പരാതി പിൻവലിക്കാൻ തീരുമാനിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ മുൻ ജില്ല ജഡ്ജി ആൻറണി കമീഷൻ ശശീന്ദ്രന് ക്ലീൻചിറ്റ് നൽകുകയും ചെയ്തതോടെ മന്ത്രിസഭയിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു ശശീന്ദ്രനും എൻ.സി.പിയും. എന്നാൽ, ഇപ്പോൾ പരാതി പിൻവലിക്കില്ലെന്ന നിലപാട് ചാനൽ പ്രവർത്തക സ്വീകരിച്ചതോടെ ശശീന്ദ്രെൻറ മന്ത്രിസഭ പുനഃപ്രവേശനവും അവതാളത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.