ഡി.വൈ.എഫ്​​.​ഐയെ വെല്ലുവിളിച്ച്​ ആകാശ്​ തില്ല​ങ്കേരി; 'നേതാക്കൾക്ക് മുന്നിൽ തലകുനിക്കാനോ കാലുപിടിക്കാനോ തൽക്കാലം നിർവാഹമില്ല'

കണ്ണൂർ: കോഴിക്കോട്​ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ താനടക്കമുള്ളവരെ തള്ളിപ്പറഞ്ഞ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെ മുന്നറിയിപ്പുമായി ഷുഹൈബ്​ വധക്കേസ്​ പ്രതി ആകാശ് തില്ലങ്കേരി. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നുണപ്രചാരണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താന്‍ തയാറായില്ലെങ്കില്‍ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി ഫേസ്​ബുക്കിൽ കുറിച്ചു.

​'തോറ്റു പോകും, ഒറ്റപ്പെടും, എങ്കിലും ആരുടെ കാലും പിടിക്കരുത്​, ആരുടെ മുമ്പിലും തലകുനിക്കരുത്​' എന്ന വരികളുമായി ആകാശ് തില്ലങ്കേരി അവസാനമിട്ട ഫേസ്​ബുക്ക്​ പോസ്റ്റിന് അടിയില്‍ സവാദ് പെരിങ്ങത്തൂർ എന്നയാളുടെ ഒരു കമന്‍റിന് മറുപടിയായാണ് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കുന്ന കുറിപ്പ്.

'ഇന്നലെവരെ ചങ്കും കരളുമായവർക്ക് നീ പെട്ടെന്നൊരിഡേ ശത്രുവായി മാറി !! അതിൽനിന്നും ഒരു കാര്യം മനസ്സിലാക്കുക. അവരൊന്നും നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നില്ല. മനസിലാക്കുക, മുന്നോട്ടുപോവുക' എന്നായിരുന്നു സവാദിന്‍റെ കമന്‍റ്​.

'അവരെ തെറ്റുപറഞ്ഞിട്ട് കാര്യമില്ല. യുവജന സംഘടനയിലെ ഉത്തരവാദപ്പെട്ടവർ തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സഖാവ് ബാബുവേട്ടന്‍റെ കൊലയാളികളുടെ കൂടെ ക്വട്ടേഷൻ നടത്തി എന്ന് ധ്വനിപ്പിച്ചു പോസ്റ്റുകൾ ഇടുമ്പോൾ ആരായാലും ഇതേപോലെ പ്രതികരിച്ചു പോകും. അതൊരുതരം വൈകാരികത ഇളക്കി വിടലാണ്. ബോധപൂർവ്വം അത് നിർമിച്ചെടുത്തതാണ്. എന്നെ അടുത്തറിയുന്നവർ അത് വിശ്വസിക്കില്ലെങ്കിലും പറയുന്നത് ഡി.വൈ.എഫ്​.ഐ ജില്ല സെക്രട്ടറി ആവുമ്പോൾ അതിൽ ആധികാരികത ഉണ്ടെന്ന് അവർ ധരിച്ചുപോകും.

അങ്ങിനെ രക്തസാക്ഷികളെ ഒറ്റുകൊടുത്തവർ ആരാണെങ്കിലും അവരുടെ പേരുപറഞ്ഞു തന്നെ തുറന്നുകാട്ടണം. ഞാൻ വെല്ലുവിളിക്കുന്നു, ആ പ്രചാരണം എന്‍റെ പേരിൽ അഴിച്ചുവിടുന്നവരെ. ഞാനത് ചെയ്‌തെന്ന് നിങ്ങൾ തെളിയിക്കുമെങ്കിൽ ഞാൻ തെരുവിൽ വന്ന് നിൽക്കാം, നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ. അതിൽ കുറഞ്ഞ ശിക്ഷ ഒന്നും പാർട്ടിയെ ഒറ്റുകൊടുത്തവന് കൽപ്പിക്കാൻ ഇല്ല.

ഇതുപോലുള്ള നുണപ്രചാരണങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും അവർ തിരുത്താൻ തയാറല്ലെങ്കിൽ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും. ഷുഹൈബ് കേസിൽ പ്രതിചേർക്കപെട്ടപ്പോൾ എന്നെ പാർട്ടി പുറത്താക്കിയതാണ്. അത് എനിക്കും നിങ്ങൾക്കും പാർട്ടിക്കും എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അന്ന് മുതൽ ഞാൻ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാർട്ടിക്ക് ഉത്തരവാദിത്വമേൽക്കേണ്ട ബാധ്യത ഇല്ല. അതൊരു വസ്തുതയാണ്. എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അംഗീകരിക്കാൻ കഴിയില്ല' -മറുപടിയായി ആകാശ്​ കുറിച്ചു. ഒറ്റുകാരനാക്കിയവർ തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്ന്​ അദ്ദേഹം മറ്റൊരു കമന്‍റിൽ പറയുന്നുണ്ട്​.

'പാർട്ടി എന്നെ തള്ളിപ്പറഞ്ഞതിൽ എനിക്ക് പ്രയാസമില്ല. മജ്ജയും മാംസവും ഉള്ള മനുഷ്യന് തെറ്റ് സംഭവിക്കും. അത് തിരുത്താനും തള്ളാനും കൊള്ളാനും ഒക്കെ പാർട്ടിക്ക് അതി​േന്‍റതായ രീതികളുണ്ട്. പാർട്ടി കുറെ മുമ്പേ നടപടിയെടുത്തു പുറത്താക്കിയ ഒരാളാണ് ഞാൻ. പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിൽ അംഗമായിരുന്നെങ്കിൽ മാത്രമേ പാർട്ടിക്ക് എന്നിൽ ഒരു കടിഞ്ഞാൺ ഉണ്ടാവുകയുള്ളൂ.

അങ്ങിനെ ഉണ്ടെങ്കിൽ മാത്രമേ പാർട്ടിയുടെ അച്ചടക്കവും മര്യാദകളും പാലിക്കുന്ന ഒരാളാണോ ഞാൻ എന്ന് പാർട്ടിക്കും നിരീക്ഷിക്കാൻ സാധിക്കുകയുള്ളൂ. പാർട്ടി പുറത്താക്കിയത് മുതൽ എന്‍റെ അഭിപ്രായങ്ങളും പ്രവർത്തികളും പാർട്ടിയെ പഴിചാരേണ്ട ആവശ്യമില്ല. പിന്നെ ഞാനെന്തിന് ഇടതുപക്ഷ രാഷ്ട്രീയം ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നു എന്നാണെങ്കിൽ എന്‍റെ ചോയ്സ്, എന്‍റെ ഇഷ്ടം ആ രാഷ്ട്രീയമായതു കൊണ്ട് മാത്രം. ഒരു കമ്മിറ്റിയുടെ ആഹ്വാനത്തിനും കാത്ത് നിന്നിട്ടല്ല, എന്‍റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ.

എന്നുകരുതി പാർട്ടിയെ ഒറ്റുകൊടുത്തവൻ എന്ന കിരീടം ബോധപൂർവം എന്‍റെ തലയിൽ കെട്ടിവെക്കുന്ന ചുരുക്കം ചില യുവജന നേതാക്കൾക്ക് മുന്നിൽ തലകുനിക്കാനോ കാലുപിടിക്കാനോ തൽക്കാലം നിർവാഹമില്ല' -ആകാശ്​ മറ്റൊരു മറുപടിയിൽ കുറിച്ചു.

Tags:    
News Summary - Akash ThillaNkeri challenges DYFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.