കൂത്തുപറമ്പ്: യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ നാലുപേർക്ക് വാഹനാപകടത്തില്‍ പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഞായറാഴ്ച പുലർച്ച രണ്ടിന് കൂത്തുപറമ്പിനടുത്ത നീര്‍വേലിയില്‍ അപകടത്തില്‍ പെടുകയായിരുന്നു.
മുഴക്കുന്ന് സ്വദേശികളായ അശ്വിന്, അഖില്‍, ഷിബിൻ എന്നിവർക്കും പരിക്കേറ്റു. അശ്വിന്, അഖില്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ അടുക്കിെവച്ചിരുന്ന സിമൻറു കട്ടകളില്‍ ഇടിക്കുകയായിരുന്നു. നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
അപകടത്തിൽപ്പെട്ട കാർ കൂത്തുപറമ്പ് ഭാഗത്തുനിന്നും മുഴക്കുന്നിലേക്ക് പോവുകയായിരുന്നെന്നാണ് സൂചന. വാഹനം കൂത്തുപറമ്പ് പൊലീസ് പരിശോധിച്ചു. അപകടത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരുകയാണ്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
കണ്ണൂര്‍ തില്ലങ്കേരിയിലെ വീട്ടിലാണ് റെയ്ഡ് നടന്നിരുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്ജുന് ആയങ്കിയുമായി അടുത്തബന്ധമുള്ള പശ്ചാത്തലത്തിലായിരുന്നു ആകാശിന്റെ വീട്ടില്‍ റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.