എ.കെ.പി.സി.ടി.എ സെക്രട്ടറിയേറ്റ് മാർച്ചും ഉപവാസ സമരവും നടത്തി

തിരുവനന്തപുരം: കോളജ്‌ അധ്യാപകരുടെ വിവിധ സേവന വേതന വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് എ.കെ.പി.സി.ടി.എ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി. മുൻ പാർലമെന്റ് അംഗം ഡോ. പി കെ. ബിജു ധർണ ഉത്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണാത്മകമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപകർക്ക് ഡി.എ അടക്കമുള്ള അർഹമായ സേവന വേതന അവകാശങ്ങൾ നിഷേധിക്കുന്നത് ഒട്ടും അഭിലഷണീയമല്ലെന്ന് ഡോ. പി കെ ബിജു അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ചിലവഴിക്കുന്ന തുക പതിൻമടങ്ങ് വർധിപ്പിക്കുമ്പോൾ പൂർണമായും പിൻവലിയുന്ന നയമാണ് കേന്ദ്രത്തിന്റേത്. കേരളത്തിന് അർഹിക്കുന്ന ധനവിഹിതം വെട്ടിക്കുറച്ച് ഞെരുക്കുന്ന കേന്ദ്രം അധ്യാപകരുടെ ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായുള്ള തുക ഇനിയും നൽകിയിട്ടില്ല. ഫെഡറൽ തത്വങ്ങളുടെ കടുത്ത ലംഘനം നടത്തുന്ന കേന്ദ്ര സർക്കാർ ഗവർണർ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ താല്പര്യം സംരക്ഷിക്കുന്ന ഉപകരണങ്ങളാക്കി മാറ്റിയെന്നും, ഈ നയങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ അധ്യാപകർ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോളജ് അധ്യാപകർക്ക് നിഷേധിച്ച ഡി.എ, ഏഴാം ശമ്പള പരിഷ്കരണത്തിന്റെ പൂർണ ആനുകൂല്യങ്ങൾ, വിരമിച്ച അധ്യാപകരുടെ പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കുക, വർക്‌ലോഡ് കമ്മറ്റി ശുപാർശകൾ നടപ്പിലാക്കുക, വിരമിച്ച അധ്യാപകരുടെ സർവീസ് പ്രശ്നങ്ങൾ പരിഹരിക്കുക, ഗസ്റ്റ് അധ്യാപകരുടെ വേതനം ഉയർത്തുകയും സമയബന്ധിതമായി വിതരണം ഉറപ്പാക്കുകയും ചെയ്യുക, ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ തടഞ്ഞ 750 കോടി അനുവദിക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണവും അമിതാധികാര പ്രയോഗവും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്.

കോളജ് തലത്തിലും ജില്ലാ തലത്തിലും നടത്തിയ ആദ്യഘട്ട സമരപരിപാടികളുടെ സംസ്ഥാനതല ഘട്ടമായാണ് സെക്രട്ടറിയേറ്റ് മാർച്ചും, ഉപവാസ-ധർണ സമരങ്ങളും നടത്തിയത്. സംസ്ഥാന പ്രസിഡന്റ് ഡോ.കെ. ബിജുകുമാർ അധ്യക്ഷത വഹിച്ചു. ധർണ സമരത്തിൽ ജനറൽ സെക്രട്ടറി ഡോ. സി. പദ്മനാഭൻ, ഐഫക്ടോ മേഖല സെക്രട്ടറി ഡോ. ജോജി അലക്‌സ്, വൈസ് പ്രസിഡന്റ് ഡോ. എസ്. ഷാജിത എന്നിവർ സംസാരിച്ചു.

Tags:    
News Summary - AKPCTA Secretariat held a march and hunger strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.