തിരുവനന്തപുരം: വൃക്കകൾ നൽകി രണ്ടുപേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അക്സനോ യാത്രയായി. പിതാവ് മരിച്ചശേഷം മാതാവും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ പോറ്റാന്‍ പാടുപെടുകയായിരുന്നു 22കാരനായ അക്സനോ. ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും അധ്വാനിച്ച് കൊല്ലം ജോനകപ്പുറത്തെ വാടകവീട്ടില്‍ മാതാവ് മേരിക്കും ഇളയ സഹോദരിമാരായ ജോസ്ഫിനും സിന്‍സിക്കുമൊപ്പം കഴിഞ്ഞുവരവെ മേയ് ആറിന് വൈകീട്ടാണ് വാഹനാപകടത്തിൽപെട്ടത്.
ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ സഹോദരി ജോസ്ഫിനെ വിളിക്കാന്‍ ബൈക്കില്‍ പോയ അക്സനോയെ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ജോലി കഴിഞ്ഞുമടങ്ങിയ ജോസ്ഫിന്‍ അപകടസ്ഥലത്തെ ആള്‍ക്കൂട്ടം കണ്ട് നോക്കിയപ്പോഴാണ് സഹോദരനെ പരിക്കേറ്റ നിലയിൽ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെത്തിച്ചു.വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് കാലമായതിനാല്‍ ഐ.സി.യു ഒഴിവുണ്ടായിരുന്നില്ല. രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഷര്‍മദ് അക്സനോക്ക് പ്രത്യേകം ഐ.സി.യു കിടക്ക തരപ്പെടുത്തി.
തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ വെള്ളിയാഴ്ച വൈകീേട്ടാടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വിവരം ബന്ധുക്കളെ അറിയിച്ചപ്പോൾ മാതാവ് മേരിയും സഹോദരി ജോസ്ഫിനും അക്സനോയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ഡോ. ഷര്‍മദിനോട് അഭ്യർഥിക്കുകയായിരുന്നു. മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ വിവരമറിയിച്ചു. ശനിയാഴ്ച അവയവദാന പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.
അക്സനോയുടെ വൃക്കകൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കഴക്കൂട്ടം മേനംകുളം സ്വദേശി രോഹിത് മാത്യു (24), കിളിമാനൂര്‍ കൊടുവഴന്നൂര്‍ സ്വദേശി സുബീഷ് (32) എന്നിവര്‍ക്ക് മാറ്റിെവച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യമായാണ് ഒരേസമയം രണ്ടു വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടന്നത്. ഹൃദയവാല്‍വുകള്‍ ശ്രീചിത്ര മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്കും കരള്‍ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രോഗിക്കുമാണ് നല്‍കിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകീേട്ടാടെ സ്വദേശത്തേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.