ചിറ്റൂർ (പാലക്കാട്): ജീവിത വെല്ലുവിളികളോട് പൊരുതി ഉയരങ്ങളിലേക്ക് കുതിക്കുന്ന ദേശീയ കായികതാരം സി. ചാന്ദ്നിക്ക് 'അക്ഷരവീടി'െൻറ സ്നേഹത്തണൽ. മലയാള അക്ഷരമാലയിലെ മധുരാക്ഷരങ്ങൾ കോർത്തിണക്കി മാധ്യമം ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്തമായി ഒരുക്കുന്ന അക്ഷരവീട് പദ്ധതിയിലൂടെ ചാന്ദ്നിക്കായി പണിത 'ഒാ' എന്ന് നാമകരണം ചെയ്ത വീടിെൻറ സമർപ്പണം ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. മികവിനുള്ള പ്രശസ്തിപത്രം മന്ത്രി, ചാന്ദ്നിക്ക് സമ്മാനിച്ചു. സമൂഹത്തിെൻറ അടിത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവരുകയെന്നത് മഹത്തരമായ പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. കായികരംഗത്ത് ചാന്ദ്നിയിലൂടെ ചിറ്റൂരുകാർ അറിയപ്പെടണമെന്നാണ് ആഗ്രഹം. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന പത്രം എന്ന നിലയിൽ 'മാധ്യമ'ത്തെക്കുറിച്ച് തനിക്ക് അഭിമാനമുണ്ട്. ചാന്ദ്നിയുടെ പ്രതിഭക്ക് ആദരമായി അക്ഷരവീട് സമ്മാനിച്ചതിൽ ജനങ്ങൾക്കുവേണ്ടി നന്ദി പറയുന്നതായും മന്ത്രി അറിയിച്ചു. ചാന്ദ്നിയും തെൻറ നന്ദിയറിയിച്ചു.
പൊൽപ്പുള്ളി വേർകോലിയിലെ അക്ഷരവീട് അങ്കണത്തിൽ, കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ അമ്മ പ്രതിനിധിയും നടനുമായ ശ്രീഹരി അക്ഷരവീടിെൻറ ഫലകം ചാന്ദ്നിക്ക് കൈമാറി. മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റർ വി.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ബാലഗംഗാധരൻ ചാന്ദ്നിയെ പൊന്നാട അണിയിച്ചു.
വാർഡ് മെമ്പർ എ. ബീന, മാധ്യമം ജില്ല രക്ഷാധികാരി ബഷീർ ഹസൻ നദ്വി, ചാന്ദ്നിയുടെ പരിശീലകരായ കെ. രാമചന്ദ്രൻ, ലാലി ഷാജു എന്നിവർ സംസാരിച്ചു. ഹാബിറ്റാറ്റ് എൻജിനിയർ ശ്രീജിത്ത് പ്രസാദ്, മാധ്യമം ചിറ്റൂർ ലേഖകൻ കെ. ദിലീപ്, അക്ഷരവീട് നിർമാണ കമ്മിറ്റി കൺവീനർ ടി.കെ. ശിഹാബുദ്ദീൻ എന്നിവർക്കുള്ള ഉപഹാരം വി.എം. ഇബ്രാഹിം സമ്മാനിച്ചു. മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം സ്വാഗതവും ഡെസ്ക് ഇൻ ചാർജ് ബി.എസ്. നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.
ചിറ്റൂർ വിളയോടി താമരക്കുളത്തെ ചന്ദ്രെൻറ എക മകളാണ് പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിനിയായ ചാന്ദ്നി. മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസിലൂടെ അത്ലറ്റിക്സിൽ അന്തർദേശീയ തലം വരെ അറിയപ്പെട്ട ഇൗ മധ്യദൂര ഒാട്ടക്കാരി നിരവധി മീറ്റുകളിൽ മെഡലുകളും റെക്കോഡുകളും സ്വന്തമാക്കി. ചിറ്റൂരിലെ സുമനസ്സുകളുടെ സഹായത്തോടെയാണ് വേർകോലിയിൽ അക്ഷര വീടിന് സ്ഥലം വാങ്ങിയത്. ഹാബിറ്റാറ്റ് ചെയർമാൻ പത്മശ്രീ ജി. ശങ്കർ രൂപകൽപന ചെയ്ത വീടാണ് സമർപ്പിച്ചത്. ചടങ്ങിൽ പരിശീലകരും സഹതാരങ്ങളും നാട്ടുകാരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.