അല്‍ജാമിഅ അല്‍ഇസ്ലാമിയ  ബിരുദദാന സമ്മേളനം സമാപിച്ചു

ശാന്തപുരം (മലപ്പുറം): സമ്പാദിച്ച വിജ്ഞാനം എല്ലാതലത്തിലും സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയെന്നതാണ് ഏറ്റവും മഹത്തരമെന്ന് തുര്‍ക്കി യെലോവ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ. ബിലാല്‍ ഗോക്കിര്‍. അല്‍ജാമിഅ അല്‍ഇസ്ലാമിയ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പഠിച്ചിറങ്ങുന്നവര്‍ എല്ലാ വിഭാഗം ജനങ്ങളോടും ഇടപെടുന്നത് വിശാലമായ കാഴ്ചപ്പാടോടും തുറന്ന മനസ്സോടെയുമാകണം. തീവ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവരെ തള്ളിക്കളയുകയല്ല, മറിച്ച് ഖുര്‍ആനിന്‍െറയും നബിചര്യയുടെയും വെളിച്ചം അവര്‍ക്ക് എത്തിച്ച് മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ ഇസ്ലാമിനെ ശക്തമാക്കുന്നതില്‍ മുന്‍ഗാമികളായ പണ്ഡിതരുടെ വഴി മാതൃകാപരമാണ്. ലോക സമാധാനത്തിനും മാനവിക വികാസത്തിനും ഇസ്ലാമിന്‍െറ പങ്ക് എന്താണ് എന്ന ചിന്തയുണ്ടാകുന്നതിനൊപ്പം, ഇസ്ലാമിക വിജ്ഞാന കേന്ദ്രങ്ങളായ സമര്‍ഖന്ദും ബുഖാറയും വിസ്മൃതിയിലാവുകയും ഓക്സ്ഫോഡ് പോലുള്ള പാശ്ചാത്യ സര്‍വകലാശാലകള്‍ അതിപ്രശസ്തമായത് എങ്ങനെയെന്ന പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. 

അല്‍ജാമിഅയില്‍ പഠനം പൂര്‍ത്തിയാക്കിയ വനിതകളടക്കം 297 പേരാണ് ‘ഉസൂലുദ്ദീന്‍ ശരീഅ’ ബിരുദം ഏറ്റുവാങ്ങിയത്. അല്‍ജാമിഅ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനും ജമാഅത്തെ ഇസ്ലമി കേരള അമീറുമായ എം.ഐ. അബ്ദുല്‍ അസീസ് ബിരുദദാന പ്രസംഗം നിര്‍വഹിച്ചു. നോളജ് വേള്‍ഡ് പ്രഖ്യാപനം സംസ്ഥാന ഹജ്ജ്-ന്യൂനപക്ഷ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ഇസ്ലാമിന്‍െറ സാര്‍വലൗകിക മുഖം പൂര്‍ണമായും അനാവരണം ചെയ്യുന്ന ദൗത്യമാകണം വിജ്ഞാനം നേടുന്ന യുവസമൂഹം ഏറ്റെടുക്കേണ്ടത്. ഇസ്ലാം വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ശത്രുക്കള്‍ മാത്രമല്ല എന്ന സ്വയം വിമര്‍ശനം സമുദായത്തില്‍നിന്ന് ഉയരണമെന്നും ജലീല്‍ പറഞ്ഞു. 
 


വഖഫ് ബില്‍ഡിങ് സമര്‍പ്പണം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഡോ. അലി അല്‍ മുഹമ്മദി (ഖത്തര്‍), ഡോ. മുസ്തഫ അഖീല്‍ (ഖത്തര്‍), ശൈഖ് മുഹമ്മദ് സുഫിയാനുല്‍ ഖാസിമി (ദയൂബന്ദ്), മൗലാന സഈദ് ഉമരി (ഉമറാബാദ്), അല്‍ജാമിഅ വൈസ് പ്രസിഡന്‍റ് വി.കെ. അലി, അഡ്മിനിസ്ട്രേറ്റിവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, അല്‍ജാമിഅ അസി. റെക്ടര്‍ കെ. ഇല്‍യാസ് മൗലവി എന്നിവര്‍ ബിരുദദാനം നിര്‍വഹിച്ചു. പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി, പി.കെ ഗ്രൂപ് ചെയര്‍മാന്‍ പി.കെ. അഹ്മദ്, മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്‍റ് മൗലാന കാകാ സഈദ് ഉമരി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ജെ.ഡി.ടി ഇസ്ലാം പ്രസിഡന്‍റ് സി.പി. കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അല്‍ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും കണ്‍വീനര്‍ എ. ഫാറൂഖ് നന്ദിയും പറഞ്ഞു. ബാസില്‍ ബഷീര്‍ ഖിറാഅത്ത് നടത്തി. 

സമ്മേളനത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ഥി സമ്മേളനം നടന്നു. 1955 മുതല്‍ 2016 വരെ ഇസ്ലാമിയ കോളജിലും അല്‍ജാമിഅയിലുമായി പഠിച്ചവരും പഠിപ്പിച്ചവരുമാണ് ഓര്‍മകളുടെ തണലില്‍ ഒത്തുചേര്‍ന്നത്. പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്‍റ് വി.കെ. അലി അധ്യക്ഷത വഹിച്ചു. ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഇനായത്തുല്ല സുബ്ഹാനി, ടി.കെ. ഉബൈദ്, അബ്ദുറഹ്മാന്‍ തറുവായ്, ഒ.പി. ഹംസ മൗലവി, പി.കെ. ജമാല്‍, എം.ടി. അബൂബക്കര്‍ മൗലവി, എം.കെ. മൂസ മൗലവി, പി.എം.എ. അബ്ദുല്‍ ഖാദര്‍, കെ.കെ. ആബിദ, നഹാസ് മാള, പൂര്‍വാധ്യാപകരെ ആദരിച്ച് അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് എന്നിവര്‍ സംസാരിച്ചു.
Tags:    
News Summary - Al Jamia Al Islamia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.