കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിനും താഹ ഫൈസലിനും എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് അലനും താഹക്കും ജാമ്യം അനുവദിച്ചത്.
2019 നവംബർ ഒന്നിനാണ് സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. പത്തുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് അലനും താഹക്കും ജാമ്യം ലഭിക്കുന്നത്. വിയ്യൂർ ജയിലിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.
മാതാപിതാക്കളിൽ ഒരാളുടെ ജാമ്യത്തിലും ഒരു ലക്ഷം രൂപയുെട ബോണ്ടുമടക്കമുള്ള ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. സി.പി.ഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല എന്നും എല്ലാ മാസവും സ്റ്റേഷനിൽ ഒപ്പ് വെക്കണമെന്നും നിർദേശമുണ്ട്. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് താഹയുടെ ഉമ്മ പ്രതികരിച്ചു.
അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തയത് കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അലനും താഹയും സി.പി.എം പ്രവർത്തകരല്ല, മാവോവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സി.പി.എം പ്രവർത്തകരായ ഇവരെ പാർട്ടി കോഴിക്കോട് ജില്ലാ നേതൃത്വവും തള്ളിപ്പറഞ്ഞിരുന്നു.
ജനുവരിയിൽ എറണാകുളം പ്രത്യേക എൻ.െഎ.ഐ കോടതിയിൽ ഹാജരാക്കിയപ്പോൾ 'ഞങ്ങൾ മാവോവാദികളെങ്കിൽ മുഖ്യമന്ത്രി തെളിവ് തരൂ'വെന്ന് അലനും താഹയും പ്രതികരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് പോലും സി.പി.എമ്മിനുവേണ്ടി പ്രവർത്തിച്ചവരാണെന്നും ബൂത്ത് ഏജൻറുമാരായിരുന്നുവെന്നും കോടതിയിൽനിന്ന് പുറത്തിറങ്ങവെ ഇരുവരും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.