ആലപ്പുഴ: കളര്‍കോട് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പ്രതി ചേർത്ത് എഫ്.ഐ.ആര്‍. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്.
പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ തയാറാക്കിയതെന്നാണ് പൊലീസ് വിശദീകരണം. സി.സി ടി.വി ദൃശ്യങ്ങളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുൽ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ശക്തമായ മഴയും കാറിൽ കയറാവുന്നതിലും അധികം യാത്രക്കാരുണ്ടായതും വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിനു കാരണമായതെന്ന് ആലപ്പുഴ ആർ.ടി.ഒ പറയുന്നു. 11 വർഷം പഴക്കമുണ്ട് കാറിന്. ഏഴു പേർക്കു കയറാവുന്ന വണ്ടിയിലുണ്ടായിരുന്നത് 11 പേരാണ്. കനത്ത മഴയിൽ ഡ്രൈവർക്കു റോഡ് കൃത്യമായി കാണാൻ കഴിഞ്ഞിരിക്കില്ലെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.