‘വയനാടെന്താ ഇന്ത്യയിലല്ലേ’ - ഡോ. തോമസ് ഐസക്, കേരളത്തെ ഒറ്റിക്കൊടുക്കുന്ന അഞ്ചാംപത്തികളാണിന്ന് ബി.ജെ.പി

തിരുവനന്തപുരം: വയനാട് ഉരുൾദുരന്തത്തിന്റെ ഭീകരത മനസിലാക്കിയിട്ടും കേന്ദ്ര സർക്കാർ കാണിക്കുന്ന നിസ്സംഗത​ക്കെതിരെ രൂക്ഷ വിമർശനവുമായി ​മുതിർന്ന സി.പി.എം നേതാവ് ഡോ. തോമസ് ഐസക്. കേരളത്തെ ഒറ്റികൊടുക്കുന്ന അഞ്ചാംപത്തികളായിട്ടാണ് ബി.​െജ.പി ഇന്ന് പ്രവർത്തിക്കുന്നത്. വയനാട് ദുരന്തനിവാരണത്തിൽ കോൺഗ്രസ് കേന്ദ്രത്തെയും സംസ്ഥാനത്തെയും ഒരുപോലെ പ്രതിസ്ഥാനത്ത് നിർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ സംഘികൾക്ക് കേന്ദ്ര നിലപാടിനെക്കുറിച്ച് വിമർശനമേയില്ല. അവർക്കുകൂടി എതിരായിട്ടാണ് നാ​ളെ നടക്കുന്ന സമരമെന്നും തോമസ് ഐസക് ഫേസ് ബുക്കിൽ കുറിച്ചു.

കുറിപ്പ് പൂർണരൂപത്തിൽ

കേരളത്തെ ഒറ്റികൊടുക്കുന്ന അഞ്ചാംപത്തികളായിട്ടാണ് ബിജെപി ഇന്ന് പ്രവർത്തിക്കുന്നത്. വയനാട് ദുരന്തനിവാരണത്തിൽ കോൺഗ്രസ് കേന്ദ്രത്തെയും സംസ്ഥാനത്തെയും ഒരുപോലെ പ്രതിസ്ഥാനത്ത് നിർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ സംഘികൾക്ക് കേന്ദ്ര നിലപാടിനെക്കുറിച്ച് വിമർശനമേയില്ല. അവർക്കുകൂടി എതിരായിട്ടാണ് 5-ാം തീയതിയിലെ സമരം.

എന്റെ പോസ്റ്റിനു കീഴിൽവന്ന ഒരു കമന്റ് ഇങ്ങനെയാണ്: “ഇന്നേ വരെയുള്ള കണക്കനുസരിച്ചു വയനാടിന്റെ പേരിൽ കേരളം പിരിച്ചത് 674.42 കോടിയാണ്. കൊറോണ-പ്രളയ കാലത്ത് പിരിച്ചതിൽ 250 കോടിയും കൂട്ടി ദുരന്ത ബാധിതരുടെ പുനഃരധിവാസത്തിനായ് 924.42 കോടി രൂപ കേരളത്തിന്റെ കൈയ്യിലുണ്ട്. ഇതിന്റെ കൂടെ സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായ് കേന്ദ്ര സർക്കാർ നൽകിയ 839.59 (291.20+394.99+153.4) കോടിയും കൂട്ടി 1764.01 കോടി കേരളത്തിന്റെയടുത്തുണ്ട്.”

നാട്ടിൽ ജനങ്ങൾ മനസ്സ് നിറഞ്ഞ് ദുരിതാശ്വാസത്തിനു നൽകിയ സംഭാവനയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗം ശ്രദ്ധിക്കൂ- “കേരളം പിരിച്ച തുക”. കേരളത്തിൽ നിന്നും മാറി നിൽക്കുന്ന സംഘി മനസ്സ് ഭാഷയെപ്പോലും സ്വാധീനിക്കുകയാണ്.

വിമർശകൻ കരുതുന്നത് ദുരിതാശ്വാസനിധിയിലേക്ക് കിട്ടുന്ന പണം അതതു വർഷംതന്നെ ചെലവഴിച്ചു തീർക്കാനുള്ളതാണെന്നാണ്. ദുരിതബാധിതർക്ക് സമാശ്വാസ ധനസഹായം നൽകുന്ന പണം ഉടൻതന്നെ ചെലവഴിച്ചു തീർക്കാനാകും. എന്നാൽ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ആധുനിക സങ്കല്പം ഇതിൽ ഒതുങ്ങുന്നില്ല. ദുരന്തസമയത്തെ പ്രവർത്തനങ്ങളും സഹായവുംകൊണ്ട് തീരുന്നതല്ല ഇത്. കൂടുതൽ മികവോടെ പുനർനിർമ്മാണം നടക്കണം. ഭാവിയിലേക്കുള്ള മുൻകരുതലുകളെടുക്കണം. ഇതിനു സമയമെടുക്കും. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2001 മുതൽ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ചെലവാക്കിയ കണക്കുകൾ നോക്കൂ.

🔴 കഴിഞ്ഞ സർക്കാരിന്റെ വെള്ളപ്പൊക്ക ദുരന്ത പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് 862 കോടി രൂപ ഇപ്പോഴാണ് ചെലവായത്.
🔴 കോവിഡുമായി ബന്ധപ്പെട്ട് 381 കോടി രൂപയാണ് ഈ കാലയളവിൽ ചെലവായത്.
🔴 എന്തിന് ഓഖിയുമായി ബന്ധപ്പെട്ട് 42 ലക്ഷം രൂപ ചെലവായതും ഈ കാലയളവിലാണ്.
🔴 ഡിബിടി വഴി നേരിട്ട് നൽകിയത് 701 കോടി രൂപ.
🔴 ഇവയ്ക്കു പുറമേ ഡിപ്പാർട്ട്മെന്റുകളും കളക്ടർമാർ വഴിയും ചെലവാക്കിയിട്ടുള്ളത് 213 കോടി രൂപ.
അങ്ങനെ മൊത്തം 2165 കോടി രൂപ

വയനാട് പുനർനിർമ്മാണത്തിനായുള്ള പദ്ധതികൾക്ക് വേണ്ടിവരുന്ന തുക 2221 കോടി രൂപയാണ്. കേരളത്തിന്റെ കൈയിലുള്ളതായി നമ്മുടെ വിമർശകൻ പറയുന്നത് 1764 കോടി രൂപയാണ്. ഈ തുകയിൽ സിംഹപങ്കും ഇതിനകംതന്നെ റോഡുകൾക്കും മറ്റു പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി നീക്കിവയ്ക്കപ്പെട്ട തുകയാണ്. അതുകൊണ്ട് അധികധനസഹായം കേന്ദ്ര സർക്കാർ തരണമെന്നാണ് കേരളത്തിന്റെ ആവശ്യം. അങ്ങനെയൊരു ചില്ലിക്കാശ് തരില്ലായെന്ന് കേന്ദ്രവും.

ഭീമമായ തുകയൊന്നുമല്ല കേരളം ആവശ്യപ്പെട്ടത്. 19-08-2024-ൽ കേരള സർക്കാരിന്റെ മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടത് 219 കോടി രൂപയാണ്. കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞത് ഇതാണ്- 153 കോടി രൂപ നൽകുന്നതിന് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. അത് എസ്.ഡി.ആർ.എഫിന്റെ ബാലൻസുള്ള തുകയിൽ നിന്നും കണ്ടെത്തണം.

അതിനു കേന്ദ്രത്തിന്റെ ശുപാർശ ആവശ്യമില്ലല്ലോ. എസ്ഡിആർഎഫിലുള്ള പണം സംസ്ഥാനത്തിന് സാധാരണഗതിയിൽ അർഹതപ്പെട്ടതാണ്. ഫിനാൻസ് കമ്മീഷനാണ് ഈ തുക നിശ്ചയിക്കുന്നത്. 75 ശതമാനം കേന്ദ്ര വിഹിതവും, 25 ശതമാനം സംസ്ഥാന വിഹിതവും. ഇങ്ങനെ ഫിനാൻസ് കമ്മീഷന്റെ തീരുമാനപ്രകാരം കിട്ടുന്ന പണത്തെയാണ് കേന്ദ്രത്തിന്റെ വയനാടിനുള്ള പ്രത്യേക ധനസഹായമായി കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്നത്.

കേരളം ആവശ്യപ്പെടുന്നത് സാധാരണഗതിയിലുള്ള എസ്.ഡി.ആർ.എഫ് വിഹിതത്തിനു പുറമേയുള്ള ധനസഹായമാണ്. ഇങ്ങനെ പ്രത്യേകം ധനസഹായം നൽകാനാണ് ദേശീയ ദുരന്തനിവാരണ നിധി. ഒരു ദുരന്തം ദേശീയ പ്രാധാന്യമുള്ള തീവ്രദുരന്തമായി പ്രഖ്യാപിക്കപ്പെട്ടാൽ എൻഡിആർഎഫിൽ നിന്നും പ്രത്യേക ധനസഹായം ലഭിക്കുന്നത് എളുപ്പമായി തീരും. ഇന്ത്യാ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഉരുൾപൊട്ടലുകളിൽ ഏറ്റവും തീവ്രദുരന്തങ്ങളിൽ ഒന്നായ വയനാട് ദുരന്തത്തെ തീവ്രദുരന്തമായി (ലെവൽ 3) പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറല്ല.

അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിൽ കേന്ദ്രത്തിൽ നിന്നും പ്രത്യേക ധനസഹായം ലഭിക്കുമായിരുന്നു. വയനാട് ഇരകളുടെ കടബാധ്യകൾ എഴുതിത്തള്ളാൻ ആവശ്യപ്പെടാമായിരുന്നു. ഈ പഴുത് അടയ്ക്കാനാണ് ലെവൽ 3 തീവ്രവദുരന്തമായി വയനാട്ടിലേതിനെ പ്രഖ്യാപിക്കാത്തത്. ഇതിനെ സർവ്വാത്മനാ പിന്താങ്ങുന്ന ബിജെപിയെ അഞ്ചാംപത്തിയെന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക?

Tags:    
News Summary - Wayanad disaster: Thomas Isaac Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.