ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ആകാശപ്പാതയായി ആലപ്പുഴ ബൈപാസ് യഥാർഥ്യമായെങ്കിലും കടൽതീരം അടക്കമുള്ള സൗന്ദര്യദൃശ്യങ്ങൾ കാണുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നിരാശ പരത്തി. ഗതാഗതക്കുരുക്കും അപകടങ്ങളും മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. പൊതുമരാമത്ത് ദേശീയപാത വിഭാഗം 'നോ സ്റ്റാൻഡിങ്, നോ സ്റ്റോപ്പിങ്' റിഫ്ലക്ടർ സ്റ്റിക്കറുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ്.
എലവേറ്റഡ് പാതയുടെ ഇരുവശത്തും വാഹനങ്ങൾ അൽപസമയം നിർത്തി ബീച്ചിെൻറ മനോഹാരിത ആസ്വദിക്കാൻ വേണ്ട സൗകര്യം ദീർഘവീക്ഷണത്തോടെ ഏർപ്പെടുത്തണമെന്ന അഭിപ്രായം ഉയരുന്നു. ഇതര സംസ്ഥാനങ്ങളിൽ ഇങ്ങനെ യാത്രികർക്ക് ഉപകാരപ്രദമാകുന്ന സംവിധാനം വളരെ കാലം മുമ്പ് നിർമിച്ചിരുന്നതായി ചൂണ്ടിക്കാട്ടുന്നു.
ബംഗളൂരുവിൽ പ്രശസ്തമായ ബംഗളൂരു എലവേറ്റഡ് ടോൾവേ എന്നറിയപ്പെടുന്ന ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് എക്പ്രസ്വേയിലെ സംവിധാനമാണ് എല്ലാവരും എടുത്ത് പറയുന്നത്. സിൽക് ബോർഡ് ജങ്ഷൻ മുതൽ ഇലക്ട്രോണിക്സ് സിറ്റിവരെയുള്ള 10 കിലോമീറ്ററോളം വരുന്ന ആകാശപ്പാതയിൽ കൃത്യമായി സ്ഥലം തിരിച്ച് മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കാത്ത വിധം പാർക്കിങ് അനുവദിച്ചിട്ടുണ്ട്.
ഇത്തരം സംവിധാനം പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് മാത്രമല്ല, േബ്രക്ഡൗണായ വാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് ഒരുക്കുന്നതിനും പ്രയോജനപ്പെടുത്താൻ കഴിയും. ആലപ്പുഴ ബൈപാസിൽ ഇതിനകം നിരവധി വാഹനങ്ങൾ കേടാകുകയും അപകടത്തിൽപെടുകയും ചെയ്തത് വഴി പലതവണ ഗതാഗത തടസ്സം ഉണ്ടായിരുന്നു. ഇന്ധനം തീർന്നതുമൂലം ബൈപാസിൽ കുടുങ്ങിയ സംഭവം വരെയുണ്ടായിട്ടുണ്ട്.
വിനോദസഞ്ചാര വികസനത്തിന് മുതൽക്കൂട്ടാകുന്ന ഇത്തരമൊരു ഇടത്താവളം സാങ്കേതിവിദഗ്ധർക്ക് എളുപ്പത്തിൽ ചെയ്ത് തീർക്കാൻ കഴിയുന്നതാണ്. ഈ സംവിധാനം ഉപയോഗിക്കുന്നവരിൽനിന്ന് നിശ്ചിത തുക ഫീസ് വാങ്ങിയാൽ നിർമാണച്ചെലവ് ഈടാക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.