കായംകുളം: ഭാര്യയെ ഒഴിവാക്കാൻ ഏരിയ സെന്‍റർ അംഗം കാമുകിക്ക് ഒപ്പം ക്ഷേത്രങ്ങളിൽ ആഭിചാരം നടത്തിയെന്ന ആരോപണം സി.പി.എമ്മിൽ പുതിയ വിവാദത്തിന് വഴിതുറന്നു. തദ്ദേശ സ്ഥാപന ഭാരവാഹികൂടിയായ നേതാവിന് ഇതോടെ പാർട്ടിയിൽനിന്ന് പുറത്തേക്ക് വഴി തെളിയുകയാണെന്നാണ് വിവരം. പരാതിയിൽ മൊഴി രേഖപ്പെടുത്താൻ സി.പി.എം ഓഫിസിൽ എത്തിയ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് മുന്നിൽ ഗുരുതര ആരോപണങ്ങളാണ് ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവുമായ ഭാര്യ ഉന്നയിച്ചത്.
കടുത്ത നടപടി പാർട്ടിയിൽനിന്ന് ഉണ്ടായില്ലെങ്കിൽ നിയമവഴി തേടുമെന്ന മുന്നറിയിപ്പും ഇവർ നൽകിയതായി പറയുന്നു. ഏരിയ സെന്‍റർ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പരാതി ചർച്ച ചെയ്തത്. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. മഹേന്ദ്രനും കെ.എച്ച്. ബാബുജാനും പങ്കെടുത്ത സെന്‍ററിൽനിന്ന് ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസൻ വിട്ടുനിന്നതും ചർച്ചയായി.
ഇതിനിടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ല സെക്രട്ടറി ഇദ്ദേഹത്തിന് കഴിഞ്ഞ 28ന് കത്ത് നൽകിയതായി പറയുന്നു. ഇതിനിടെ പ്രശ്ന പരിഹാരത്തിന് ചില നീക്കങ്ങൾ നടത്തിയെങ്കിലും വഴങ്ങാൻ ഭാര്യ തയാറായില്ലത്രേ. മുൻ അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരസിച്ചത്. ഭാര്യാപിതാവ് പാർട്ടി നേതൃത്വത്തിന് നൽകിയ കത്തിൽ ‘ആഭിചാരം’ അടക്കം ഗുരുതര ആരോപണങ്ങൾ നേതാവിനെതിരെ ഉന്നയിച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടായി ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന തന്‍റെ അഭിപ്രായം മാനിക്കാതെയാണ് മകളെ മറ്റൊരു സമുദായക്കാരനായ ഡി.വൈ.എഫ്.ഐ നേതാവിന് 2014ൽ പാർട്ടി വിവാഹം കഴിച്ചുകൊടുത്തത്. തന്‍റെ വിയോജിപ്പ് അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ജില്ല സെക്രട്ടറിയായിരുന്ന സി.ബി. ചന്ദ്രബാബുവിനെയും അറിയിച്ചിരുന്നു. ന്യൂനപക്ഷ സമുദായക്കാരായ തന്‍റെയും കുടുംബക്കാരുടെയും അസാന്നിധ്യത്തിൽ പാർട്ടി നടത്തിയ വിവാഹം കമ്യൂണിസ്റ്റുകാരൻ എന്ന നിലയിലാണ് പിന്നീട് അംഗീകരിച്ചത്. സന്തോഷകരമായി പോയിരുന്ന അവരുടെ ജീവിതം കഴിഞ്ഞ ഒന്നരവർഷമായി തകർച്ചയിലാണ്. മകളുടെ ഭർത്താവിന് കറ്റാനത്തുള്ള യുവതിയുമായുള്ള അവിഹിത ഇടപാടുകളാണ് ഇതിന് കാരണം.
ഇതുസംബന്ധിച്ച് പാർട്ടി ഏരിയ കമ്മിറ്റി അംഗം കൂടിയായ ഭർതൃമാതാവിനോടാണ് ആദ്യം പരാതിപ്പെടുന്നത്. അന്ന് പരിഹരിച്ചെങ്കിലും പിന്നീട് ബന്ധം തുടരുകയാണുണ്ടായത്. ഇതോടെ തെളിവുകൾ സഹിതം നിരവധി തവണ പാർട്ടിക്ക് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാനും ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാനെയും നേരിൽകണ്ട് പരാതി ബോധിപ്പിച്ചു. സജി ചെറിയാന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മേലിൽ ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് നൽകിയതാണ്.
ഇതു ലംഘിച്ച് വീണ്ടും യുവതിയുമായി ഔദ്യോഗിക വാഹനത്തിൽ വരെ കറങ്ങിയത് ചോദ്യം ചെയ്തതോടെ ക്രൂരമായ ഉപദ്രവമാണ് മകൾക്ക് നേരിടേണ്ടി വന്നതെന്നും പരാതിയിൽ പറയുന്നു. സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയുടെ പശ്ചാത്തലത്തിൽ സംഭവം വിവാദമായത് നേതൃത്വം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഇദ്ദേഹത്തിന് പാർട്ടിയിൽനിന്നു പുറത്തേക്കുള്ള വഴി തെളിയുകയാണെന്നും പറയപ്പെടുന്നു. വെള്ളിയാഴ്ച കൂടിയ ജില്ല കമ്മിറ്റി വിഷയം പരിഗണിച്ചെങ്കിലും ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാന്‍റെ സാന്നിധ്യത്തിൽ പരിഗണിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.