സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ കബഡിയില്‍ ജേതാക്കളായ ആലപ്പുഴ ടീം

കബഡിയില്‍ കാസര്‍കോടിന്റെ ചക്രവ്യൂഹം ഭേദിച്ച് ആലപ്പുഴ

കൊച്ചി: സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ 19 വയസില്‍ താഴെയുള്ള സീനിയര്‍ പെണ്‍കുട്ടികളുടെ കബഡിയില്‍ വാശിയേറിയ മത്സരത്തില്‍ കാസര്‍കോട് തീര്‍ത്ത പ്രതിരോധത്തിന്റെ ചക്രവ്യൂഹം തകര്‍ത്ത് ആലപ്പുഴ ജേതാക്കളായി. 23 നെതിരെ 24 പോയിന്റിനാണ് ആലപ്പുഴ സ്വര്‍ണം നേടിയത്.

ആദ്യകളിയില്‍ കണ്ണൂരിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊല്ലത്തെയും സെമിഫൈനലില്‍ മലപ്പുറത്തെയും മികച്ച സ്‌കോറുകളില്‍ പരാജയപ്പെടുത്തിയാണ് ആലപ്പുഴ ഫൈനലിലെത്തിയത്. ചേര്‍ത്തല ഗവ. ഗേള്‍സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ടീമിലെ അംഗങ്ങള്‍.

 

2019 മുതല്‍ കായികമേളയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാനതലത്തില്‍ എത്തുന്നത്. വിജയം ലക്ഷ്യമിട്ട് കൃത്യമായി ആസൂത്രണം ചെയ്തുള്ള ഗെയിം പ്ലാനാണ് ടീമിനെ വിജയത്തിലെത്തിച്ചത്. സെവന്‍ ഹീറോസ് ചേര്‍ത്തല കബഡി ക്ലബിന്റെ കീഴിലാണ് ടീം പരിശീലനം നേടിയത്. ദേശീയതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ 12 അംഗ കേരള ടീമിലെ മൂന്നുപേര്‍ ജേതാക്കളായ ആലപ്പുഴ ടീമില്‍ നിന്നുള്ളവരാണ്.

വേഗതയും ആത്മവീര്യവും ശ്രദ്ധയും ഒരുമിച്ചുവേണ്ട കായിക ഇനമാണ് കബഡി. എതിരാളികളെ പ്രതിരോധത്തിലാഴ്ത്താന്‍ കായികക്ഷമതയ്‌ക്കൊപ്പം തികഞ്ഞ ആത്മവിശ്വാസവും അനിവാര്യമാണ്. കുട്ടികള്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ ഇത്തരത്തില്‍ ആവശ്യമായ എല്ലാ ഘടകങ്ങളിലും അവരെ പ്രാപ്തരാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും കായികാധ്യാപകനും എന്‍.ഐ.എസ് സര്‍ട്ടിഫൈഡ് കോച്ചുമായ രതീഷ് പറഞ്ഞു. മത്സരത്തില്‍ കാസര്‍കോട് വെള്ളിയും തിരുവനന്തപുരം വെങ്കലവും കരസ്ഥമാക്കി.

Tags:    
News Summary - Alappuzha has broken the cycle of Kasaragod in Kabaddi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.