ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി യുവനേതാക്കളുടെ കൊലപാതക പശ്ചാത്തലത്തിൽ ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് ആലപ്പുഴ കലക്ടറേറ്റിൽ തിങ്കളാഴ്ച ചേരാനിരുന്ന സർവകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്.
യോഗം ചൊവ്വാഴ്ച നടന്നേക്കുമെന്ന് സൂചനയുണ്ട്. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് യോഗമെന്നായിരുന്നു കലക്ടറുടെ ആദ്യ അറിയിപ്പ്. പിന്നീട് ഇത് അഞ്ച് മണിയിലേക്ക് മാറ്റിയതായി അറിയിച്ചു. അതിനിടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും യോഗത്തിൽ പങ്കെടുക്കില്ലെന്നും അറിയിച്ച് ബി.ജെപി നേതൃത്വം രംഗത്തെത്തി. അതേസമയം, സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായുള്ള സർവകക്ഷി യോഗത്തിന് തങ്ങൾ എതിരല്ലെന്നും വ്യക്തമാക്കി. തുടർന്നാണ് യോഗം മാറ്റിയത്.
രഞ്ജിത്തിെൻറ സംസ്കാര ചടങ്ങുകൾ അവസാനിച്ച ശേഷം തൊട്ടടുത്ത ദിവസം സർവകക്ഷി യോഗം നടത്താമെന്ന് ബി.ജെ.പി പിന്നീട് അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി പങ്കെടുക്കുന്നതടക്കം പരിഗണിച്ചും മൂന്നിടത്ത് പൊതുദർശനമുള്ളതും പാർട്ടി ചൂണ്ടിക്കാട്ടി. ബി.ജെ.പിയോട് സർക്കാറിെൻറ അസഹിഷ്ണുത തുടരുകയാണെന്നും രഞ്ജിത് ശ്രീനിവാസെൻറ മൃതദേഹത്തോട് കാണിച്ച അനാദരവ് സഹിക്കാൻ സാധിക്കുന്നതല്ലെന്നും സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രൻ പറഞ്ഞു. എസ്.ഡി.പി.ഐക്കും തീവ്രവാദശക്തികൾക്കും വേണ്ട എല്ലാ പരിഗണനയും പൊലീസും സർക്കാറും നൽകുന്നുണ്ടെന്നും സരേന്ദ്രൻ ആരോപിച്ചു.
അതിനിടെ കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് രഞ്ജിത്തിെൻറ വിലാപയാത്രയെച്ചൊല്ലി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വാക്കേറ്റമുണ്ടായി. ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പിനെത്തുടര്‍ന്ന് വിലാപയാത്രയുടെ വഴി മാറ്റണമെന്ന് പൊലീസ് അറിയിച്ചു. പറ്റില്ലെന്ന് ബി.ജെ.പി നേതാക്കള്‍ നിലപാടെടുത്തതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. ഒടുവിൽ ബി.ജെ.പി നിർദേശിച്ച വഴിയിലൂടെ തന്നെ പോകാൻ പൊലീസ് അനുവദിച്ചു.
ശനിയാഴ്ച രാത്രി എട്ടിനാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിന് (38) അക്രമികളുടെ വെട്ടേറ്റത്. രാത്രി വൈകി കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസിനെ (45) അക്രമികൾ വീട്ടിൽ കയറി വെട്ടിക്കൊന്നത്.
ഇരുസംഭവത്തിലും എ.ഡി.ജി.പി വിജയ് സാഖ്റേ ആലപ്പുഴയിലെത്തി ഊർജിത അന്വേഷണത്തിന് നേതൃത്വം നൽകുകയാണ്. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിെൻറ നേതൃത്വത്തിൽ നാല് സംഘമായി തിരിഞ്ഞാണ് അന്വേഷണം.
ബി.ജെ.പി നേതാവിെൻറ വധം: അന്വേഷണം തൃപ്തികരമല്ലെന്ന് മന്ത്രി നിത്യാനന്ദറായി
നെടുമ്പാശ്ശരി: ആലപ്പുഴയിൽ ബി.ജെ.പി നേതാവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി കുറ്റപ്പെടുത്തി. കൊച്ചി വിമാനത്താവളത്തിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ക്രമസമാധാനനില തകർന്നു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന നിലപാടാണ് സർക്കാറിേൻറത്. എസ്.ഡി. പി. ഐ നേതാവിെൻറ കൊലപാതകത്തിലും ശരിയായ അന്വേഷണം വേണം. ബി.ജെ.പി നേതാക്കളെ അകാരണമായി കേസിൽ കുടുക്കുന്നത് ജനാധിപത്യമര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു
അഡ്വ. രഞ്ജിത് ശ്രീനിവാസന് നാടിെൻറ യാത്രാമൊഴി
അമ്പലപ്പുഴ/ആറാട്ടുപുഴ: െകാല്ലപ്പെട്ട ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസെൻറ മൃതദേഹം ആറാട്ടുപുഴ വലിയഴീക്കൽ തറവാട്ട് വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ആലപ്പുഴയിൽനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൂന്നരയോടെയാണ് മൃതദേഹം രഞ്ജിത്തിെൻറ പിതാവിെൻറ തറവാടായ കുന്നുംപുറത്ത് എത്തിയത്. നാട്ടുകാരും പാർട്ടി പ്രവർത്തകരുമടക്കം നൂറുകണക്കിനുപേര്‍ ആദരാഞ്ജലികൾ അർപ്പിക്കാൻ കാത്തുനിന്നു. സേവാഭാരതിയുടെ ആംബുലന്‍സിനെ കാറുകളിലും ബൈക്കുകളിലുമായി പ്രവര്‍ത്തകർ അനുഗമിച്ചു. മെഡിക്കൽ കോളജ് ആശുപത്രി വളപ്പില്‍നിന്ന് വാഹനം ദേശീയപാതയിലെത്തിയപ്പോഴും പ്രവര്‍ത്തകരുടെ നീണ്ടനിരയായിരുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പണിപ്പെട്ടു.
പിതൃസഹോദരൻ എസ്. സജീവെൻറ വീടിന് മുന്നിൽ പിതാവ് ശ്രീനിവാസെൻറ കുഴിമാടത്തിനരികിലാണ് ചിതയൊരുക്കിയത്. വൈകീട്ട് 5.10ഓടെ സഹോദരൻ അഭിജിത്തും രഞ്ജിത്തിെൻറ മക്കളായ ഭാഗ്യ, ഹൃദ്യ എന്നിവരും ചേർന്നാണ് ചിതക്ക് തീകൊളുത്തിയത്. ഭാര്യ ലിഷയുടെയും മാതാവ് വിനോദിനിയുടെയും ഹൃദയംപൊട്ടിയുള്ള നിലവിളി സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ കണ്ണീരണിയിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ തുടങ്ങിയവർ സാക്ഷിയായി. വലിയ പൊലീസ് സന്നാഹം ഇവിടെ തമ്പടിച്ചിരുന്നു. വിലാപയാത്ര കടന്നുവരുന്ന സ്ഥലങ്ങളിലും പൊലീസിനെ നിയോഗിച്ചിരുന്നു. പൊലീസ് നിർദേശത്തെതുടർന്ന് വിലാപയാത്ര കടന്നുപോകുന്നതുവരെ തീരദേശത്തെ കടകൾ അടച്ചു. ജില്ല പൊലീസ് മേധാവിയടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രാവിലെ മുതൽ ആറാട്ടുപുഴയിലെത്തി സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുകയും സംസ്കാരം കഴിയുന്നതുവരെ പ്രദേശത്ത് തുടരുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ റായ് അടക്കം പ്രമുഖർ സംഭവം നടന്ന ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലെത്തി ഉറ്റവരെ ആശ്വസിപ്പിച്ചു.
അഡ്വ. രഞ്ജിത് ശ്രീനിവാസൻെറ മരണകാരണം കഴുത്തിലേറ്റ ആഴമേറിയ മുറിവ്
അമ്പലപ്പുഴ: ബി.ജെ.പി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസെൻറ കഴുത്തിനേറ്റ ആഴമേറിയ മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 7.30ഓടെ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം 10.30 വരെ നീണ്ടു. ആഴമേറിയ 20ഓളം മുറിവുകളും മറ്റ് നിരവധി ചെറിയ മുറിവുകളും ഉണ്ടായിരുന്നു. തലക്കും മുഖത്തും കഴുത്തിനും കാലുകളിലുമാണ് ആഴത്തിലുള്ള മുറിവുകള്‍. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ, ഡോ. നിധിന്‍ മാത്യു, ഡോ. ഹരീഷ് ശിവദാസ്, ഡോ. ശ്രീദേവി, ഡോ. ദീപ്തി, ഡോ. സരിത എന്നിവരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.