മണ്ണഞ്ചേരി(ആലപ്പുഴ): വിശപ്പില്ല ഗ്രാമത്തിന് രൂപവത്കരിച്ച ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തിന് ആവേശത്തുടക്കം. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ എഴുത്തുകാരുടെയും കലാപ്രവർത്തകരുടെയും നിറഞ്ഞ സാന്നിധ്യത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഭക്ഷണം വിളമ്പി മാരാരിക്കുളം തെക്ക് പഞ്ചായത്ത് പാതിരപ്പള്ളിയിലെ ദേശീയപാതയോരത്ത് ജനകീയ ഭക്ഷണശാലക്ക് തുടക്കമിട്ടു. ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനം നേരില്‍ കാണാന്‍ മന്ത്രിമാരായ തോമസ് െഎസക്, മാത്യു ടി. തോമസ് എന്നിവരും എത്തിയിരുന്നു. 25 ലക്ഷത്തോളം മുടക്കി നിര്‍മിച്ച ബഹുനില മന്ദിരത്തിലാണ് പ്രവര്‍ത്തനം. നാട്ടുകാരോടൊപ്പം മന്ത്രിമാരും ജനകീയ ഭക്ഷണശാലയില്‍നിന്ന് വിശപ്പകറ്റിയാണ് മടങ്ങിയത്. രൂചിക്കൂട്ട് ഒരുക്കിയവരെ അഭിനന്ദിക്കാനും മാത്യു ടി. തോമസ് മറന്നില്ല.
രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ കഴിയുന്നതാണ് അടുക്കള. ഭക്ഷണം കഴിക്കാനെത്തുന്നവരോട് പണം ആവശ്യപ്പെടില്ല. പ്രവേശനകവാടത്തില്‍ ഗ്ലാസ് അറയായി മൂന്നുവഞ്ചി സ്ഥാപിച്ചിട്ടുണ്ട്. ഇഷ്ടമുള്ള തുക പെട്ടിയില്‍ നിക്ഷേപിക്കാം. പണം ഇട്ടില്ലെങ്കിലും നടത്തിപ്പുകാരായ പാതിരപ്പള്ളിയിലെ സ്നേഹജാലകം പ്രവര്‍ത്തകരുടെ ചുണ്ടിലെ ചിരിക്ക് ഒരുമാറ്റവും ഉണ്ടാകില്ല. ആറുവര്‍ഷമായി ആതുര ശുശ്രൂഷരംഗത്തും ജനകീയവിഷയങ്ങളിലും സജീവമാണ് സ്നേഹജാലകം. ധനമന്ത്രി മുഖ്യരക്ഷാധികാരിയായ ഈ സംഘടന കിടപ്പുരോഗികളുടെ പരിചരണം, ജനകീയ ലാബ്, സൗജന്യ മരുന്നുവിതരണം, മനോരോഗികളുടെ സംരക്ഷണം തുടങ്ങി നിരവധി ജനകീയപ്രവര്ത്തനങ്ങളുടെയും സംഘാടകരാണ്. ഞായറാഴ്ച മുതല്‍ പ്രഭാത-സായാഹ്ന ഭക്ഷണവും ജനകീയ ഭക്ഷണശാലയില്‍ ലഭ്യമാണ്.
എം.എൽ.എമാരായ സുരേഷ് കുറുപ്പ്, എ.എം. ആരിഫ്, എഴുത്തുകാരായ എൻ.എസ്. മാധവൻ, ശാരദക്കുട്ടി, തനൂജ ഭട്ടതിരി, സുജ സൂസൻ ജോർജ്, ദീപ നിശാന്ത്, ഇന്ദുമേനോൻ, പാർവതി, ചിത്രകാരൻ ബോസ് കൃഷ്ണമാചാരി, ചിത്രകാരി ശോഭ മേനോൻ, ഡോ. ബി. ഇഖ്ബാൽ, എൻ. മാധവൻകുട്ടി, നാടകപ്രവർത്തകൻ പ്രഫ. ചന്ദ്രദാസൻ, സി.കെ. ചന്ദ്രബാബു, ആർ. നാസർ, പുരുഷോത്തമൻ, പി.വി. ഉണ്ണികൃഷ്ണൻ, റജി സക്കറിയ, പ്രഫ. ഗംഗാധരൻ, ആര്. റിയാസ്, കെ.ടി. മാത്യു, പി.എ. ജുമൈലത്ത്, ഷീന സനല്‍കുമാര്‍ എന്നിവരും പഞ്ചായത്ത്-ബ്ലോക്ക് പ്രസിഡൻറുമാരും ജനപ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.