കണ്ണൂർ: സർക്കാറിന്‍റെ സഹായം അഭ്യർഥിച്ച് സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ ഭാര്യ സൈബല്ല ആൽബർട്ട്. വെടിയേറ്റ് മരിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം പോലും നീക്കാൻ സാധിച്ചിട്ടില്ലെന്ന് സൈബല്ല വ്യക്തമാക്കി.
ഫ്ലാറ്റിന്‍റെ അടിത്തട്ടിൽ ഭക്ഷണം പോലുമില്ലാതെ മക്കൾക്കൊപ്പം ഭയന്ന് കഴിയുകയാണ്. പുറത്ത് നിന്ന് ആർക്കും ഫ്ലാറ്റിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സർക്കാറിന്‍റെ ഭാഗത്ത് നിന്ന് അടിയന്തര സഹായം വേണമെന്നും സൈബല്ല ഓഡിയോ സന്ദേശത്തിൽ അഭ്യർഥിച്ചു.
ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും സുഡാനിലെ ഇന്ത്യൻ അംബാസഡർ ബി.എസ് മുബാറക്കിനും കത്തയച്ചിരുന്നു.
ആൽബർട്ടിന്‍റെ വേർപാട് കുടുംബത്തിന് വലിയ ആഘാതവും രാജ്യത്തിന് വലിയ ഞെട്ടലുമാണ് ഉണ്ടാക്കിയത്. ആൽബർട്ടിനെ അവസാനമായി കാണാൻ കാത്തിരിക്കുകയാണ് ഭാര്യയും മക്കളും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും കെ. സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള സംഘർഷത്തിനിടെ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. സുഡാനിൽ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. ജനൽ വഴിയാണ് ആൽബർട്ടിന് വെടിയേറ്റതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.