മാനന്തവാടി: ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് പുൽപള്ളിയിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതെന്ന് കാര്‍ യാത്രികൻ. തോണിച്ചാല്‍ കാരുണ്യ നിവാസിലെ ഫാ. ജെയ്‌സണ്‍ കാഞ്ഞിരപ്പാറയിലാണ് കാറിലുണ്ടായിരുന്ന യാത്രികനെന്ന് വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
മാനന്തവാടിയില്‍ നിന്ന് പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയിലേക്ക് പോവുകയായിരുന്നു ഫാ. ജെയ്‌സണ്‍. പാക്കം വനമേഖലയിലെ കുറിച്ചിപ്പറ്റയില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലേക്ക് കാട്ടാന പാഞ്ഞ് വരികയായിരുന്നു. കാറിനടുത്തേക്ക് നീങ്ങിയ ആന നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് പിന്‍വാങ്ങിയത്. ആന കാറിനടുത്തേക്ക് നീങ്ങുന്നതും പിന്നീട് കാർ ആക്രമിക്കാതെ പിൻവാങ്ങുന്നതുമായ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് പിന്നിലുണ്ടായിരുന്ന യാത്രികര്‍ ഈ ദൃശ്യങ്ങൾ പകർത്തിയത്. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ രാവിലെ വനം വകുപ്പ് ജീവനക്കാര്‍ വനത്തിലേക്ക് തുരത്തുന്നതിനിടയിലായിരുന്നു സംഭവം.
‘കാട്ടാന എനിക്കുനേരെ വന്നപ്പോൾ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വണ്ടി പുറകോട്ടെടുക്കാൻ നോക്കിയപ്പോൾ ഒത്തിരി ദൂരം പുറകോട്ട് പോകുന്നത് എളുപ്പമല്ലെന്ന് മനസ്സിലായി. പതുക്കെ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ കാറിൽ തന്നെയിരുന്നു. ആന നേരെയാണ് വരുന്നത്. ഉള്ളിൽ സ്വാഭാവികമായ ഭയം ഉണ്ടായിരുന്നു. പക്ഷേ, മഹാദ്ഭുതമെന്നോണം ആന പിന്മാറുകയായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ’-ഫാദർ ജെയ്സൺ പറഞ്ഞു. ആന കടന്നാലുടൻ വണ്ടി എടുക്കാൻ തയാറായാണ് നിന്നിരുന്നതെന്നും അതുകൊണ്ട് എളുപ്പം കാറെടുത്ത് പോകാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.