വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറെ നിർണായകവും സുപ്രധാനവുമായ തീരുമാനമാണ് കഴിഞ്ഞദിവസം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ജില്ലയിൽ രണ്ട് ടൗൺഷിപ്പുകൾ നിർമിക്കുമെന്ന് നേരത്തേ സർക്കാർ പറഞ്ഞിരുന്നതാണെങ്കിലും ഇതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ പലകാരണങ്ങളാൽ അധികൃതർക്ക് സാധിച്ചിരുന്നില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്തുക, ടൗൺഷിപ് നിർമാണം നിർണിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള പണം സ്വരൂപിക്കുക, കേന്ദ്ര സർക്കാറിന്റെ സഹായം ഉറപ്പാക്കുക തുടങ്ങി ഒട്ടേറെ കടമ്പകൾ പിന്നിടാനുള്ളതിനാൽ പുനരധിവാസം സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീളുകയായിരുന്നു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയുടെ പ്രത്യേകയോഗത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അവതരിപ്പിച്ച പുനരധിവാസ കരട് രൂപരേഖ, ചില അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളുമൊക്കെ ബാക്കിനിൽക്കുമ്പോഴും ഏറക്കുറെ സമഗ്രമാണെന്നുതന്നെ പറയാം. വയനാട് ജില്ലയിലെ കല്‍പറ്റയിലും നെടുമ്പാലയിലുമുള്ള എസ്റ്റേറ്റുകളിലായിട്ടാണ് 750 കോടി രൂപ ചെലവിൽ രണ്ട് ടൗൺഷിപ്പുകൾ സ്ഥാപിക്കുന്നത്. 1000 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകളായിരിക്കും നിർമിക്കുക. ആശുപത്രികളും വിദ്യാലയങ്ങളും കളിസ്ഥലങ്ങളും കമ്യൂണിറ്റി സെന്ററുകളും പുസ്തകശാലകളുമെല്ലാം ഉൾക്കൊള്ളുന്ന ടൗൺഷിപ് അടിയന്തരമായി ഒറ്റ ഘട്ടത്തിൽതന്നെ പൂർത്തിയാക്കും. ടൗൺഷിപ് നിർമാണം ഏജൻസികളെ ഏൽപിക്കുമെങ്കിലും നിർമാണ പുരോഗതി വിലയിരുത്താൻ വിവിധ തട്ടുകളിലായി മേൽനോട്ട സമിതിയുമുണ്ടാകുമെന്നും കരട് രേഖ വ്യക്തമാക്കുന്നു. പദ്ധതിയിലേക്ക് വീടുകളും ലൈബ്രറികളുമെല്ലാം വാഗ്ദാനം ചെയ്തവരുടെ പിന്തുണയും സഹകരണവും ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കും പുനരധിവാസം. പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മന്ത്രിസഭ യോഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. ഏതായാലും, നാനൂറിലധികം പേരുടെ ജീവനെടുത്ത വലിയൊരു ദുരന്തത്തിൽ ജീവൻ ബാക്കിയായവരെ സംരക്ഷിക്കാനുള്ള യജ്ഞത്തിന് തുടക്കമായിരിക്കുന്നു; ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനങ്ങളിൽ കണ്ട കൂട്ടായ പരിശ്രമങ്ങൾ പുനരധിവാസ പ്രവർത്തനങ്ങളിലുമുണ്ടാവട്ടെയെന്ന് നമുക്ക് ആശംസിക്കാം.

2024ൽ ലോകത്ത് റിപ്പോർട്ട് ചെയ്ത 32 അസാധാരണ കാലാവസ്ഥാ സംഭവങ്ങളിലൊന്നായാണ് വയനാട് ദുരന്തത്തെ ശാസ്ത്രലോകം അടയാളപ്പെടുത്തിയിട്ടുള്ളത്. വിസ്ഫോടനകരമായൊരു ജലപ്രവാഹത്തിൽ വയനാട്ടിലെ രണ്ട് ഗ്രാമങ്ങളാണ് ചാലിയാറിൽ പതിച്ചത്. മുമ്പും വയനാട്ടിലടക്കം കേരളത്തിൽ പല ഉരുൾദുരന്തങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് മുമ്പുണ്ടായിട്ടില്ലെന്ന് തീർത്തുപറയാനാകും. കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യക്ഷസൂചകമായിട്ടാണ് ഈ ദുരന്തം വിലയിരുത്തപ്പെടുന്നത്. സ്വാഭാവികമായും അതിന്റെ ആഘാതങ്ങൾ മരണസംഖ്യയിലും മറ്റും വിവരിക്കാവുന്നതിലും അപ്പുറമാണ്. ഭൗതികനാശത്തിന്റെതന്നെ കണക്കെടുത്താൽ 1200 കോടി രൂപയുടെ നഷ്ടം അവിടെ സംഭവിച്ചിട്ടുണ്ട്. ഈ നഷ്ടങ്ങളെല്ലാം അതേപടി നിലനിൽക്കെയാണ്, ബാക്കിയെല്ലാം മാറ്റിവെച്ച് അടിയന്തര പുനരധിവാസമെന്ന അജണ്ടയിലേക്ക് അധികാരികൾ പ്രവേശിച്ചത്. സമൂഹത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവർ അതിനുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയ, സാമുദായിക, മത, സാംസ്കാരിക, യുവജന സംഘടനകളും ഏതാനും വ്യക്തികളും ട്രസ്റ്റുകളുമെല്ലാം നിർദിഷ്ട ടൗൺഷിപ്പിലേക്കുള്ള തങ്ങളുടെ വിഹിതം തുകയായും പുതിയ ഭവനങ്ങളായും മറ്റും പ്രഖ്യാപിച്ചു. 38 സംഘടനകൾ ഇതിനകം സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. പലരും പല രീതിയിലാണ് സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ചിലർ 750 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകൾ നിർമിച്ചുനൽകാമെന്ന് പറഞ്ഞപ്പോൾ, മറ്റു ചിലർ നിശ്ചിത തുക കണക്കാക്കി അതിനുള്ള വീടുകൾ വാഗ്ദാനം ചെയ്തു. ഇവയെല്ലാം, ഏകീകരിച്ച് 1000 ചതുരശ്ര അടിയിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. ഭാവിയിൽ വിപുലമാക്കാൻ കഴിയുംവിധം അടിത്തറ പണിതാകും വീട് നിർമിക്കുക എന്നും കരടിലുണ്ട്. ചുരുക്കത്തിൽ, ദുരന്ത ബാധിതരായ ഭവനരഹിതർക്ക് കഴിയുന്നതുംവേഗത്തിൽ വീടൊരുക്കുക എന്ന ലക്ഷ്യത്തോടെയാണിപ്പോൾ സർക്കാർ നീങ്ങുന്നത്. തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടേ സമീപനംതന്നെയാണിത്. ഈയൊരു ഘട്ടത്തിൽ, സാധ്യമാകുന്ന മുഴുവൻ ആളുകളുമായും കൈകോർക്കുക എന്ന ഉത്തരവാദിത്തംകൂടി സർക്കാറിനുണ്ട്. 750 കോടിയുടെ പദ്ധതിയിലേക്ക് വലിയൊരു തുക സംഭാവന നൽകിയിരിക്കുന്നത് നാട്ടിലെ സാധാരണക്കാരാണ്; മാത്രവുമല്ല, വിവിധ സംഘടനകളുടെ നിർലോപമായ സാമ്പത്തിക പിന്തുണയും ഇതിനകം സർക്കാറിന് ലഭിച്ചിട്ടുണ്ട്. അതിനാൽ, തീർത്തും ജനകീയമായ രീതിയിൽതന്നെ ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള ബാധ്യതയും സർക്കാറിനുണ്ട്.

ഈ മുന്നോട്ടുപോക്കിനിടയിലും ചില അനിശ്ചിതത്വങ്ങൾ വയനാട് പുനരധിവാസ പദ്ധതിയിൽ ബാക്കികിടക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. നേരത്തേ പുനരധിവാസ ഗേഹങ്ങൾക്കായുള്ള ഗുണഭോക്തൃ പട്ടികയിൽ ഗുരുതര പിശകുകൾ കടന്നുകൂടിയത് വാർത്തയായിരുന്നു. ഇത് പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ ഇത്തരം അപാകതകൾ ഇല്ലാതിരിക്കാനുള്ള ജാഗ്രതകൂടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. ടൗൺഷിപ് നിർമാണത്തിനായി കണ്ടെത്തിയ ഭൂമിയിലും ചില പ്രശ്നങ്ങൾ അവശേഷിക്കുന്നു. രണ്ട് എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ടും ചില നിയമവ്യവഹാരങ്ങൾ വിധി കാത്തു കിടക്കുന്നുണ്ട്. ഇത് പരിഹരിക്കാതെ പദ്ധതി തുടങ്ങാൻപോലുമാകില്ല. ഈ വിഷയത്തിലും അടിയന്തര നടപടിയുണ്ടാകേണ്ടതുണ്ട്. അതിനെല്ലാം അപ്പുറം, ഈ പുനരധിവാസ പ്രക്രിയയിൽ കേന്ദ്രസർക്കാറിന്റെ റോൾ എന്താണെന്ന ചോദ്യവും പ്രസക്തമാണ്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉരുൾ ദുരന്തത്തെ ദേശീയ ദുരന്തമായിപ്പോലും പ്രഖ്യാപിക്കാൻ സന്നദ്ധമല്ലാത്ത ഒരു സർക്കാറാണ് കേന്ദ്രത്തിലിരിക്കുന്നത്. അർഹമായ ദുരന്തനിവാരണ ഫണ്ട് അനുവദിച്ചില്ലെന്നു മാത്രമല്ല, രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതിഫലം ആവശ്യപ്പെടുകയും ചെയ്ത് സംസ്ഥാനത്തെ പൂർണമായും കൈയൊഴിഞ്ഞ നിലപാട് സ്വീകരിച്ച കേന്ദ്രത്തോടുള്ള സമീപനം എന്തായിരിക്കണമെന്നുകൂടി ചർച്ചചെയ്യേണ്ട അവസരമാണിത്. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെടുത്തുന്നതിനൊപ്പം, അർഹമായ അവകാശങ്ങൾ നിരന്തരമായി ഉന്നയിക്കാനും സർക്കാർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Tags:    
News Summary - Madhyamam Editorial 2024 Dec 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.