തിരുവനന്തപുരം: ഓൾ ഇന്ത്യ പെര്‍മിറ്റിന്റെ മറവിൽ സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര പാതകള്‍ കൈയടക്കുന്നത് കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ലൊടിക്കും. കെ.എസ്.ആർ.സിയുടെ മൊത്തം വരുമാനത്തിന്റെ 60 ശതമാനവും 1500 ഓളം ദീര്‍ഘദൂര ബസുകളില്‍നിന്നാണ്. ഈ വരുമാനം കൊണ്ടാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഓടിക്കുന്ന ഓർഡിനറി സർവിസുകളുടെ നഷ്ടം നികത്തുന്നത്.
യാത്രക്കാര്‍ കുറവുള്ള സമയത്തും റൂട്ടുകളിലും ഓർഡിനറി ഓടിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിക്ക് നിയമപ്രകാരം അർഹമായ റൂട്ടുകൾ സ്വകാര്യ കുത്തകകൾ കൈയടക്കുന്നതോടെ ഓർഡിനറി റൂട്ടുകളിലടക്കം ആഘാതമുണ്ടാകുമെന്നാണ് മാനേജ്മെന്റ് വിലയിരുത്തൽ.
കോണ്ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ഒറ്റ നികുതിയില്‍ അന്തര്‍സംസ്ഥാന യാത്രക്കുള്ള അനുമതിയാണ് ഓള് ഇന്ത്യ പെര്‍മിറ്റിലൂടെ ലഭിക്കുന്നതെന്നും മറ്റ് ആനുകൂല്യങ്ങളില്ലെന്നുമാണ് കെ.എസ്.ആർ.ടി.സി നിലപാട്. ഓള് ഇന്ത്യ പെര്‍മിറ്റിന്റെ മറവില്‍ സ്വകാര്യ ബസുകാര് കൈയടക്കാന്‍ ശ്രമിക്കുന്നത് വരുമാനമുള്ള ദീര്‍ഘദൂര പാതകള്‍ മാത്രമാണ്. ഈ രീതിയിൽ നിരത്തിലിറങ്ങാൻ 200ഓളം സ്വകാര്യബസ് കാത്തുനിൽപുണ്ടെന്നാണ് വിവരം.
ടിക്കറ്റ് നൽകി ഓടാൻ അനുവാദമുള്ള സ്വകാര്യ ബസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഇത്തരത്തിൽ പെർമിറ്റ് നഷ്ടമായ സ്വകാര്യ റൂട്ടു ബസുകളും ദീർഘദൂരയാത്രക്ക് ഒരുങ്ങുകയാണ്. വിദ്യാർഥി, ഭിന്നശേഷി യാത്രാ ആനുകൂല്യങ്ങളൊന്നും ഓള് ഇന്ത്യ പെര്‍മിറ്റ് ബസിന് ബാധകമല്ല. ലാഭം മാത്രം ലക്ഷ്യമിട്ടാകും സര്‍വിസ്. പൊതുഗതാഗതമേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കരാർ പ്രകാരം ഒരു സ്ഥലത്തുനിന്ന് യാത്രക്കാരെ എടുത്ത് മറ്റൊരു സ്ഥലത്ത് എത്തിക്കുന്നതിനാണ് കോൺട്രാക്ട് കാര്യേജ് പെർമിറ്റ് നൽകുന്നത്. വിവാഹാവശ്യങ്ങൾക്കും വിനോദയാത്രക്കും മറ്റും ഓടുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഈ ഗണത്തിലാണ് ഉൾപ്പെടുന്നത്. സ്ഥലബോർഡ് വെക്കാനോ പോയന്റുകളിൽനിന്ന് ആളെയെടുക്കാനോ ടിക്കറ്റ് നൽകാനോ ഇവർക്ക് അനുവാദമില്ല. ഇതിന് അനുവാദം സ്റ്റേജ് കാര്യേജുകൾക്ക് മാത്രം. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിൽ സർക്കാർ നിശ്ചയിക്കുന്ന ബസ് ചാർജ് ഈടാക്കിയേ ഇവക്ക് സർവിസ് നടത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.