തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ എല്ലാ ഉത്തരവുകളും മലയാളഭാഷയിലാക്കണമെന്ന് വകുപ്പുകൾക്ക് ചീഫ് സെക്രട്ടറിയുടെ കർശന നിർദേശം. മന്ത്രിസഭതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കുന്ന ഉത്തരവുകളും മലയാളത്തിലാക്കണമെന്നും ചീഫ് സെക്രട്ടറി വി. വേണുവിന്റെ സർക്കുലറിൽ പറയുന്നു.
ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാൻ അനുവദിച്ച പ്രത്യേക സാഹചര്യത്തിലും ഒഴികെ മലയാളം നിർബന്ധമാക്കണമെന്ന് 2017 ഏപ്രിൽ 26ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഭരണഭാഷാ മാറ്റ നടപടികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ മന്ത്രിസഭ യോഗത്തിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പോലും പല വകുപ്പുകളും മലയാളത്തിൽ പുറപ്പെടുവിച്ചില്ല. മിക്കതും ഇംഗ്ലീഷിലാണ്. ഇത് സർക്കാറിന്റെ പ്രഖ്യാപിത നിലപാടിനെതിരാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഉത്തരവുകൾ മലയാളത്തിൽ തന്നെയാണെന്ന് എല്ലാ വകുപ്പ് സെക്രട്ടറിമാരും ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശം നൽകി. സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി നടത്തുന്ന പ്രതിമാസ യോഗത്തിൽ ഇനി മുതൽ ഭരണഭാഷാ വിഷയവും അവലോകനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.