വടകര: കൃത്രിമക്കണ്ണുള്ള അലന് ഭിന്നശേഷി സർട്ടിഫിക്കറ്റ് വേണം. അതിനായി പിതാവ് മുട്ടാത്ത വാതിലുകളില്ല. വടകര വള്ളിക്കാട് പുതിയാടത്തിൽ കെ.കെ. രാജീവനാണ് കൃത്രിമക്കണ്ണ് വെച്ച മകന് ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ അധികൃതർക്കു മുന്നിൽ അപേക്ഷയുമായി നെട്ടോട്ടമോടുന്നത്.
മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അലൻ കൃഷ്ണയുടെ (14) വലതുകണ്ണ് കൃത്രിമമാണ്. പക്ഷേ, മെഡിക്കൽ ബോർഡ് നൽകിയത് 30 ശതമാനം മാത്രം കാഴ്ചക്കുറവ് എന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ്. 40 ശതമാനം കാഴ്ചവൈകല്യമുണ്ടെങ്കിലേ എന്തെങ്കിലും ആനുകൂല്യം കിട്ടുകയുള്ളൂ. ഒരു കണ്ണ് പൂർണമായും ഇല്ലായിട്ടും മകന് അതനുസരിച്ചുള്ള ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നാണ് പരാതി. വടകരയിൽ നടന്ന അദാലത്തിൽ അലന്റെ പരാതി കേട്ട വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഡെപ്യൂട്ടി മെഡിക്കൽ ഓഫിസറെ വിളിപ്പിച്ചു കാര്യം തിരക്കി. മാനദണ്ഡങ്ങൾ അനുസരിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നായിരുന്നു ഡെപ്യൂട്ടി ഡി.എം.ഒയുടെ വിശദീകരണം. ഇക്കാര്യം ഒന്നുകൂടി പരിശോധിച്ച് അർഹിക്കുന്ന സർട്ടിഫിക്കറ്റ് നൽകാൻ മന്ത്രി നിർദേശം നൽകി.
2016 മുതൽ രാജീവൻ മകന് അർഹിച്ച ഭിന്നശേഷി സർട്ടിഫിക്കറ്റിനായി വിവിധ വാതിലുകൾ മുട്ടുന്നു. അലന് ജന്മനാ വലതുകണ്ണില്ല. മധുരയിലെ കണ്ണാശുപത്രിയിൽവെച്ചാണ് കൃത്രിമക്കണ്ണ് പിടിപ്പിച്ചത്. അലന്റെ ഇടതുകണ്ണിനും കാഴ്ചക്കുറവുണ്ട്. മൂന്നു തവണ മെഡിക്കൽ ബോർഡ് നൽകിയ സർട്ടിഫിക്കറ്റുകളിൽ 30 ശതമാനം കാഴ്ചക്കുറവാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ഒരിക്കൽകൂടി അലന്റെ കണ്ണ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് രാജീവന്റെ പ്രതീക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.