കൊല്ലം: ഓയൂരിൽനിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളിലൊരാളായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണമുയർത്തി മാതാവ് രംഗത്തെത്തി. അനിതകുമാരിക്ക് സ്വന്തം വീടുമായി ഒരു ബന്ധവുമില്ലെന്നും സ്വന്തം അച്ഛൻ മരിച്ചിട്ടു പോലും വന്നില്ലെന്നും മാതാവ് പറഞ്ഞു. ചാത്തന്നൂരിലെ വീട്ടിലെത്തിയ തന്നെ പത്മകുമാർ തൊഴിച്ച് പുറത്താക്കിയെന്നും മാതാവ് ആരോപിക്കുന്നു.
‘വിവാഹത്തിനുശേഷം വസ്തുവിന്‍റെ പ്രമാണം വാങ്ങിക്കൊണ്ടുപോയി. ആറു മാസത്തിനകം തിരികെ തരാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. രണ്ടുവർഷമായിട്ടും തിരികെ ലഭിച്ചില്ല. ആധാരം തിരികെ കിട്ടാൻ പഞ്ചായത്ത് മെംബർക്കൊപ്പം പത്മകുമാറിന്‍റെ വീട്ടിൽ പോയപ്പോൾ ചവിട്ടി വീഴ്ത്തുകയും വീടിന് പുറത്താക്കുകയും ചെയ്തു. അന്ന് അവിടുന്ന് ഇറങ്ങിപ്പോന്നതാണ്. മൂന്നു വർഷമായി യാതൊരു ബന്ധവുമില്ല. അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോഴും വന്നില്ല. മരിച്ചിട്ടും കാണാൻ വന്നില്ല’ -പത്മകുമാരിയുടെ മാതാവ് പറയുന്നു.
അതേസമയം, കേസിൽ പ്രതികളെ മൂന്ന് ദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങുമെന്ന് പൂയപ്പള്ളി പൊലീസ് പറഞ്ഞു. പത്മകുമാറുമായി ബന്ധമുണ്ടന്നു പറയുന്ന ബി.ജെ.പി നേതാവിനെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളിൽ നിന്ന് ചില നിർണായക വിവരം ലഭിച്ചുവെന്നാണ് അറിയുന്നത്.
സംഭവത്തിന്റെ ഭാഗമായി പ്രചരിച്ച രേഖാചിത്രത്തെ തുടർന്ന് കേസുമായി ബന്ധമില്ലാത്ത ഷാജഹാൻ എന്നയാളുടെ വീട് തകർത്ത കേസിൽ അന്വേഷണം തുടങ്ങി. അറസ്റ്റ് ചെയ്തെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ ഷാജഹാൻ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി തേജോവധം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേസ് ജില്ല ക്രൈം ബ്രാഞ്ചിന് വിട്ടിരിക്കുകയാണ്.. കൊല്ലം ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.