അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന മയക്കു മരുന്ന് കടത്തുന്നതിനിടെ അങ്കമാലിയിൽ യുവതിയുമടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ.
സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരാണ് 200 ഗ്രാം എം.ഡി.എം.എയും, 10 ഗ്രാം എക്സ്റ്റെസിയുമായി റൂറൽ ജില്ല ഡാൻസാഫ് ടീമിന്റെയും അങ്കമാലി പൊലീസിന്റെയും പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ ബൊലോറെ വാഹനം ടി.ബി ജങ്ഷനിൽ കാത്ത് നിൽക്കുകയായിരുന്ന പൊലീസ് സാഹസികമായി തടഞ്ഞ് നിർത്തുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം കീഴ്പെടുത്തി.
തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ സീറ്റിന് പിറകുവശത്ത് ഉള്ളിലായി 11 പ്രത്യേക പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ബംഗളൂരുവിൽ നിന്നാണ് ലഹരി പദാർഥങ്ങൾ കൊണ്ടുവന്നതെന്നും, എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സെറ്റസിയെന്നും പൊലീസ് പറഞ്ഞു.
ഡാൻസാഫ് ടീമും ഡി.വൈ.എസ്.പിമാരായ പി.പി ഷംസ്, ടി. ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുൺ കുമാർ എസ്.ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാർ, എ.എസ്.ഐമാരായ ഇഗ്‌നേഷ്യസ് ജോസഫ്, പി.വി.ജയശ്രീ, സീനിയർ സി.പി. ഒ മാരായ ടി.ആർ രാജീവ്, അജിത തിലകൻ, എം.എ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.