പാലക്കാട്: പാലക്കാട് നടന്ന പാതിരാ പരിശോധനയും കോൺഗ്രസ് നേതാക്കൾക്ക് എതിരായ കണ്ണപ്പണ ആരോപണങ്ങളിലും തെരഞ്ഞെടുപ്പ് കമീഷൻ ജില്ല കലക്ടറോട് റിപ്പോർട്ട് തേടി. കോൺഗ്രസിന്റെ വനിത നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കലക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും കമീഷന്റെ തുടർ നടപടി.
കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടൽ മുറിയിൽ പൊലീസ് അർധരാത്രി പരിശോധന നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പൊലീസ് പരിശോധ നടത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും വലിയൊരു രാഷ്ട്രീയ വിവാദത്തിനാണ് അത് വഴിവെച്ചത്.
രാത്രി 11.30 ഓടെ പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തുകയും ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ തടിച്ചുകൂടുകയും ചെയ്തു. വൈകാതെ ബി.ജെ.പി പ്രവർത്തകരുമെത്തി. ആദ്യം സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗം ടി.വി. രാജേഷിന്റെയും ജില്ല കമ്മിറ്റിയിലെ ക്ഷണിതാവ് എം.വി. നികേഷ് കുമാറിന്റെയും റൂമുകളിൽ പൊലീസെത്തി പരിശോധന നടത്തി. എന്നാൽ, കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന്റെ മുറിയിലെത്തിയപ്പോൾ വനിത പൊലീസില്ലാതെ മുറികളിൽ കടന്നുകയറാൻ ശ്രമിച്ചെന്നാരോപിച്ച് വാതിൽ തുറന്നില്ല.
വനിത പൊലീസെത്തിയശേഷം പരിശോധന പൂർത്തിയാക്കി ബിന്ദു കൃഷ്ണയുടെ മുറിയിലെത്തി. ഇരു മുറികളിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ, യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പണവുമായി ഒളിച്ചിരിപ്പുണ്ടെന്നു പറഞ്ഞ് ഒരു വിഭാഗം പ്രവർത്തകർ ബഹളംവെച്ചു. പ്രതിരോധിക്കാൻ എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരെത്തിയതോടെ സംഘർഷം മൂർച്ഛിച്ചു. എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ ഉൾപ്പെടെ ബി.ജെ.പി പ്രവർത്തകരും ഇടപെട്ടു.
എ.എ. റഹിം, നിതിൻ കണിച്ചേരി, ടി.വി. രാജേഷ് ഉൾപ്പെടെ സി.പി.എം നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ താൻ കോഴിക്കോട്ടാണെന്നു പറഞ്ഞ് ഫേസ്ബുക്ക് ലൈവിൽ വന്നു. പുലർച്ച നാലുവരെ ഹോട്ടലിനകത്തും പുറത്തും സംഘർഷാവസ്ഥ നിലനിന്നു. രണ്ടേ കാലോടെ എ.ഡി.എം എത്തി.
പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് യു.ഡി.എഫ് നേതാക്കൾക്ക് എഴുതിനൽകി. ഇതോടെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യത്തിലായി സി.പി.എം. നീല ട്രോളി ബാഗിൽ വന്നത് കള്ളപ്പണം തന്നെയാണെന്ന് സി.പി.എം ഉറപ്പിച്ചതോടെ വൈകീട്ട് ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്തസമ്മേളനം നടത്തി.
ബാഗിൽ തുണി മാത്രമേയുള്ളൂവെന്ന് രാഹുൽ വ്യക്തമാക്കിയെങ്കിലും പിന്നാലെ ഹോട്ടലിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സി.പി.എം പുറത്തുവിട്ടു. രാഹുൽ മാങ്കൂട്ടത്തിലിന് കൈമാറാൻ ഹോട്ടലിൽ പണം കൊണ്ടുവന്നത് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിലെ ഒന്നാംപ്രതി ഫെനി നൈനാനെന്ന് വ്യക്തമാക്കിയായിരുന്നു സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്നാൽ, ട്രോളിയിൽ പണമാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഇനിയും സി.പി.എമ്മിന് ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.