ആംബുലൻസ്​ ഡ്രൈവർമാരും സ്വകാര്യ ആശുപത്രികളും ഒത്തുകളിച്ച്​ രോഗികളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം

കോഴിക്കോട്​: സംസ്​ഥാനത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽ ചില സ്വകാര്യ ആംബുലൻസ്​ ഡ്രൈവർമാരും ചില സ്വകാര്യ ആശുപത്രികളും തമ്മിലുള്ള അവിഹിത ഇടപാടിലൂടെ രോഗികൾ ചൂഷണം ചെയ്യപ്പെടുന്നതായി പരാതി. ഇതുസംബന്ധിച്ച്​ സ്വകാര്യ ആശുപത്രി ഡോക്​ടർമാരിൽനിന്നുതന്നെ ലഭിച്ച വിവരത്തി​ന്‍റെ അടിസ്​ഥാനത്തിൽ എത്തിക്കൽ മെഡിക്കൽ ഫോറം നടത്തിയ അന്വേഷണത്തിലാണ്​ വൻ കൊള്ള നടക്കുന്നതായി വ്യക്​തമായത്​. അത്യാഹിതങ്ങളുണ്ടായാൽ ആശുപത്രിയിൽ എത്തുന്നതിന്​ ആംബുലൻസുകളെ ആശ്രയിക്കുന്ന രോഗികളെ തെറ്റിദ്ധരിപ്പിച്ച്​ ആംബുലൻസ്​ ഡ്രൈവർമാർ പ്രത്യേക ആശുപത്രികളിൽ എത്തിക്കുന്നതായാണ്​ ആക്ഷേപം. ചില ഡ്രൈവർമാർ ഇതിന്​ വൻ തുകയാണത്രെ കമീഷൻ കൈപ്പറ്റുന്നത്​.

ഒരു സ്വകാര്യ ആശുപത്രി ഡ്രൈവർമാർക്ക്​ നൽകുന്ന തുകയേക്കാൾ അധികം മറ്റൊരു ആശുപത്രി നൽകിയപ്പോൾ ഡ്രൈവർമാർ അവിടേക്ക്​ കൂറുമാറിയെന്നും എത്തിക്കൽ ഫോറത്തി​ന്‍റെ അന്വേഷണത്തിൽ വ്യക്​തമായി. ചെറുകിട സ്വകാര്യ ആശുപത്രികളിൽ നിന്നോ സർക്കാർ ആശുപത്രികളായ പി.ച്ച്​.സി, സി.എച്ച്​.സികളിൽ നിന്നോ  അത്യാസന്ന നിലയിൽ മെഡിക്കൽ കോളജുകളിലേക്ക്​ റഫർ ചെയ്യുന്ന രോഗികളാണ്​ കൂടുതലും ചൂഷണത്തിന്​ വിധേയമാകുന്നത്​.

രോഗികളുടെ കൂടെയുള്ളവരുടെ പരിഭ്രാന്തി മുതലെടുത്ത്​ ഡ്രൈവർമാർ, കൂടുതൽ കമീഷൻ വാഗ്​ദാനം ചെയ്യുന്ന ആശുപത്രികളിൽ എത്തിക്കുകയാണ്​ ചെയ്യുന്നത്​. നേരത്തെ അഞ്ഞൂറും ആയിരവും കമീഷൻ നൽകിയ സ്​ഥാനത്ത്​ ഇപ്പോൾ 4000 രൂപ വരെ നൽകുന്നുണ്ടെന്ന്​ എത്തിക്കൽ മെഡിക്കൽ ഫോറം ഭാരവാഹികൾ പറയുന്നു. മേജർ ശസ്​ത്രക്രിയ വേണ്ടിവന്നാൽ ബില്ലി​ന്‍റെ നിശ്​ചിത ശതമാനം ഡ്രൈവർമാർക്ക്​ നൽകുന്ന ആശുപത്രികളുമുണ്ടെന്നും ഫോറം നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

പൊതുസമൂഹത്തിൽ ഇതുസംബന്ധിച്ച്​ ബോധവത്​കരണം നടത്താൻ സംഘടന കാമ്പയിൻ ആരംഭിച്ചതായി ഫോറം പ്രസിഡൻറ്​ ഡോ. ഇസ്​മായിൽ പറഞ്ഞു. പണം വാങ്ങുന്ന ചില ആശുപത്രികളിലെ ഡോക്​ടർമാർ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്​ഥാന സ്വകാര്യ ആശുപത്രി അസോസിയേഷനും ആംബുലൻസ്​ അസോസിയേഷനുകളും തീരുമാനിച്ചാൽ ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ​

Tags:    
News Summary - Allegation that ambulance drivers and private hospitals are colluding to exploit patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.