കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസിനെതിരെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഗൂഢാലോചന നടന്നുവെന്ന് ആരോപണം. എം.എസ്.എഫ്-ഹരിത വിവാദ കാലത്ത് നടന്ന ഗൂഢാലോചനയുടെ വാട്ട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നു. 'കെ.പി സ്വാലിഹ്' എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിലാണ് വാട്ട്സ്ആപ്പ് ചാറ്റുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഈ ഫേസ്ബുക്ക് പ്രൊഫൈൽ ഔദ്യോഗികമാണോ വ്യാജനാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
വാട്ട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും ശബ്ദ സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഈ ചാറ്റുകൾ നിലവിലെ എം.എസ്.എഫ് ഭാരവാഹികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്. നിലവിലെ എം.എസ്.എഫ് ഭാരവാഹികൾ അടക്കമുള്ളവർ 'എം.എസ്.എഫ് സ്ക്വയർ' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് പറയപ്പെടുന്നു.
എം.എസ്.എഫ്-ഹരിത തർക്ക സമയത്ത് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവർക്കെതിരെ ഫേസ്ബുക്കിൽ പ്രചരിച്ച കുറിപ്പുകൾ തയാറാക്കിയത് ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണെന്നും ആരോപണമുണ്ട്.
കാലിക്കറ്റ് സർവകലാശാല യൂണിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പ് വരെ 'എം.എസ്.എഫ് സ്ക്വയർ' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ് സജീവമായിരുന്നു. തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് മുന്നണിയെ പരാജയപ്പെടുത്താനുള്ള ഗൂഢാലോചനയും ഈ ഗ്രൂപ്പിൽ നടന്നുവെന്നാണ് ആരോപണം.
കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടത്തിയതിനും രണ്ട് സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കാൻ എസ്.എഫ്.ഐക്ക് സഹായം നൽകിയതിനും പിന്നിൽ ആരാണെന്ന വിവരം നാളെ പുറത്തുവിടും. എം.എസ്.എഫ് സെനറ്റ് അംഗങ്ങൾക്കെതിരെ എസ്.എഫ്.ഐ ആരോപണം ഉന്നയിച്ചപ്പോൾ ഗൂഢാലോചന നടത്തിയ ഗ്രൂപ്പ് നേതാക്കൾ ആഹ്ലാദത്തിലായിരുന്നുവെന്നും കെ.പി. സ്വാലിഹ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.