നെടുങ്കണ്ടം: പുല്പള്ളി പൊലീസ് സ്റ്റേഷന് ആക്രമണക്കേസില്‍ പ്രതിയായി 'മാവടി തങ്കപ്പൻ' എന്ന പേരില്‍ അരനൂറ്റാണ്ടിലധികമായി ഇടുക്കിയിൽ ഒളിവുജീവിതം നയിച്ചുവന്ന അള്ളുങ്കല്‍ ശ്രീധരന് (80) നിര്യാതനായി. 1968 നവംബർ 24ന് നക്സൽ വർഗീസിന്റെ നേതൃത്വത്തിൽ വയനാട്ടെ പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഘത്തിലെ അംഗമായിരുന്നു ശ്രീധരൻ. ഭാര്യ: സുമതി. മക്കൾ: അഭിലാഷ്, അനില. മരുമക്കൾ: രശ്മി, സാജു.
പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഘത്തിൽ ശ്രീധരനൊപ്പം കെ. അജിത, തേറ്റമല കൃഷ്ണൻകുട്ടി, ഫിലിപ് എം. പ്രസാദ് തുടങ്ങിയവരും ഉണ്ടായിരുന്നു. കീഴ്കോടതി ശ്രീധരനെ മാത്രം വെറുതെവിട്ടു. എന്നാൽ, മൂന്നുവർഷം കഴിഞ്ഞപ്പോൾ അപ്പീൽ കോടതിയിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതറിഞ്ഞ് ഒളിവിൽപോയ ശ്രീധരൻ ഇടുക്കിയിലാണ് എത്തിയത്. ഈ മൂന്നുവർഷം മധ്യതിരുവിതാംകൂറിൽ പലയിടത്തും കർഷകരെയും ആദിവാസികളെയും സംഘടിപ്പിച്ചു.
നെടുങ്കണ്ടത്തിനടുത്ത് മാവടിയില്‍ കൃഷിയും മറ്റുമായി ഒളിവിൽ കഴിയുന്നതിനിടയില്‍ 1984ല്‍ വിനോദ്മിത്ര ജനറൽ സെക്രട്ടറിയായ സി.പി.ഐ-എം.എല്‍ കൂട്ടാറ്റില്‍ ഇടുക്കി ജില്ല ഘടകം രൂപവത്കരിച്ചപ്പോള്‍ ശ്രീധരന് അതിന്റെ ജില്ല കമ്മിറ്റി അംഗമായി. അള്ളുങ്കൽ ശ്രീധരൻ എന്ന പേര് ഉപേക്ഷിച്ച് പുതിയ പേരും സ്വീകരിച്ചു. കൃഷിപ്പണികളുമായി ജീവിച്ച ഈ വിപ്ലവകാരിയെ അയൽവാസികൾ പോലും തിരിച്ചറിഞ്ഞില്ല. വർഗീസിനും കുന്നിക്കൽ നാരായണനുമൊപ്പം പൊലീസ് സ്റ്റേഷന് ആക്രമണത്തിന് പുറപ്പെടുമ്പോൾ ശ്രീധരൻ പുൽപള്ളിയിലായിരുന്നു. ഭാര്യയും നാല് പെൺമക്കളുമുണ്ടായിരുന്നു. കേസിൽ ഭാര്യ മൊഴി നൽകിയതോടെ കുടുംബവുമായി അകന്നു.
ഒളിവ് ജീവിതത്തിനായി തെരഞ്ഞെടുത്ത ഗ്രാമത്തിൽനിന്ന് തന്നെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. വർഗീസുമായി ചുരുങ്ങിയ കാലത്തെ ബന്ധമാണുണ്ടായിരുന്നതെങ്കിലും അവസാനംവരെ അദ്ദേഹത്തോടുള്ള സ്നേഹവും ആരാധനയും ശ്രീധരൻ മനസ്സിൽ സൂക്ഷിച്ചു. തന്നെ പിടിച്ചുനിർത്തിയതും ഏത് പ്രതിസന്ധി ഘട്ടത്തെയും തരണംചെയ്യാൻ ആത്മധൈര്യം നൽകിയതും വർഗീസാണെന്നായിരുന്നു ശ്രീധരന്റെ പക്ഷം. തന്റെ രണ്ടാംപേരും ജീവിക്കുന്ന നാടും വെളിപ്പെടുത്താൻ ശ്രീധരൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.